ദുബായ്: വേദനസംഹാരിയായി ഉപയോഗിക്കുന്ന ചെറിയ ഡോസ് ആസ്പിരിന്റെ പ്രമുഖ ബ്രാൻഡ് യു.എ.ഇ. വിപണിയിൽനിന്ന് പിൻവലിച്ചു. ജസ്പിരിൻ (81 എം.ജി.) എന്ന മരുന്ന് നിരോധിച്ചുകൊണ്ടാണ് ആരോഗ്യ- പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടത്. ഗൾഫ് സഹകരണ കൗൺസിൽ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് മരുന്ന് നിരോധിച്ചത്.

രാജ്യത്തെ പൊതു- സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾക്ക് ജസ്പിരിൻ വിതരണം ചെയ്യരുതെന്ന് വിതരണക്കാരോടും മരുന്ന് രോഗികൾക്ക് നൽകരുതെന്ന് ഡോക്ടർമാരോടും ഫാർമസിസ്റ്റുകളോടും മന്ത്രാലയം നിർദേശിച്ചു. മരുന്നുകൾ ഉപയോഗിച്ചതുമൂലം ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുകയാണെങ്കിൽ ഇത് അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

ഇതിനായി pv@mohap.gov.ae അല്ലെങ്കിൽ DrugControl@dha.gov.ae എന്നീ ഇമെയിൽ വിലാസങ്ങളിൽ ബന്ധപ്പെടാം.