ദുബായ്: വേഗവും മികവും പ്രായോഗികബുദ്ധിയും മാധ്യമപ്രവർത്തകർക്ക് പ്രധാനമാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ തോമസ് ജേക്കബ് ദുബായിൽ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ഏബ്രഹാം ലിങ്കൺ മരിച്ചപ്പോൾ മൂന്നുമാസത്തിനുശേഷമാണ് കേരളത്തിൽ അന്ന് വാർത്തയായത്. ഇന്ന്‌ നിമിഷങ്ങൾക്കകം ഏതുവാർത്തയും ലഭ്യമാകും.

കാർട്ടൂണുകളിലായാലും എഴുത്തിലായാലും വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. പണ്ടൊക്കെ പത്രവാർത്തയെ അടിസ്ഥാനമാക്കി പിറ്റേന്നത്തെ കാർട്ടൂൺ വരച്ചാൽ മതിയായിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം ട്രോളർമാർ പല ആശയങ്ങളും ആഘോഷമാക്കുന്നു. ഏറ്റവും പുതിയ സംഭവവികാസത്തെ ആസ്പദമാക്കി പെട്ടെന്ന് രചനകൾ നടത്തേണ്ട സാഹചര്യമാണ് കാർട്ടൂണിസ്റ്റിന് ഇപ്പോഴുള്ളത്. ഏറ്റവും പുതിയ ആശയവും അതിനുയോജിച്ച വരയും കുറഞ്ഞസമയത്തിനുള്ളിൽ പൂർത്തിയാക്കേണ്ട വെല്ലുവിളി നേരിടേണ്ടിവരുന്നു. ഇതു കാർട്ടൂണുകളുടെ നിലവാരത്തെ ബാധിച്ചേക്കാം. എഴുത്തിലും ഇതു ബാധകമാണെന്ന് ദുബായിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഓരോ കാലത്തും എഴുത്തുകാർക്ക് വിവിധ വെല്ലുവിളികൾ നേരിടേണ്ടിവന്നേക്കാം. അതിനെയൊക്കെ പ്രായോഗികബുദ്ധിയോടെ നേരിടാനുള്ള ഇച്ഛാശക്തിയുണ്ടാകണം. വിശ്വാസ്യത നിലനിർത്താൻ ഓരോ എഴുത്തുകാരനും കഴിയണം. അഭിമുഖങ്ങളിലും ചർച്ചകളിലും ഇതാവശ്യമാണ്. ഔചിത്യബോധവും പ്രധാനമാണ്. ഫോട്ടോഗ്രാഫർമാർ, നോവലിസ്റ്റുകൾ, മറ്റ് എഴുത്തുകാർ എന്നിവർക്കെല്ലാം ഇതു ബാധകമാണെന്നും തോമസ് ജേക്കബ് ചൂണ്ടിക്കാട്ടി.