ദുബായ്: സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പുതുചരിത്രമെഴുതാൻ ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ ഫെബ്രുവരിയിൽ യു.എ.ഇ. യിലെത്തും. ഫെബ്രുവരി മൂന്ന് മുതൽ അഞ്ചുവരെയാകും സന്ദർശനം. അബുദാബി കിരീടാവകാശിയും യു.എ.ഇ.സായുധസേനയുടെ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും വിശ്വാസികളുടെയും ക്ഷണം സ്വീകരിച്ചാണ് സന്ദർശനമെന്ന് വത്തിക്കാൻ അറിയിച്ചു. സന്ദർശന വാർത്ത സ്വാഗതം ചെയ്യുന്നതായി യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു.

പരസ്പരം കൂടുതൽ മനസ്സിലാക്കാനും ബന്ധം ശക്തിപ്പെടുത്താനും ലോകരാജ്യങ്ങൾക്കിടയിൽ സമാധാനം നിലനിർത്താനുള്ള ചർച്ചകൾക്ക് തുടക്കമിടാനും ഈ സന്ദർശനം വഴിയൊരുക്കുമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. രാജ്യം ആഹ്ലാദത്തോടെയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്ന് അബുദാബി കിരീടാവകാശി ട്വീറ്റ് ചെയ്തു. ‘സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകമാണ് അദ്ദേഹം. ചരിത്രപരമായ ആ സന്ദർശനത്തിനായി കാത്തിരിക്കുന്നു.’ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ഇതാദ്യമായാണ് ഒരു പോപ്പ് യു.എ.ഇ.സന്ദർശിക്കുന്നത്.

ഇന്ത്യ, ആഫ്രിക്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നായി ഏകദേശം പത്ത് ലക്ഷത്തോളം ക്രിസ്തുമത വിശ്വാസികൾ യു.എ.ഇ.യിലുണ്ടെന്നാണ് കരുതുന്നത് . 2006-ൽ വത്തിക്കാൻ സന്ദർശിച്ച അബുദാബി കിരീടാവകാശി ഫ്രാൻസിസ് മാർപ്പാപ്പയെ നേരിട്ട് കണ്ട് യു.എ.ഇ.യിലേക്ക് ക്ഷണിച്ചിരുന്നു.

content highlights: Pope to visit United Arab Emirates in February