ദുബായ്: അന്താരാഷ്ട്ര വികലാംഗദിനാചരണത്തിന്റെ ഭാഗമായി ‘കോമൺ ഗ്രൗണ്ട്’ എന്ന പേരിൽ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ഇവന്റ് സംഘടിപ്പിച്ചു.

ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിന്റെ യു.എ.ഇ.യിലെയും മറ്റ് ജി.സി.സി.രാജ്യങ്ങളിലെയും ഇന്ത്യയിലെയും സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്ന ഭിന്നശേഷിക്കാരായ ജീവനക്കാർക്കായാണ് പരിപാടി സംഘടിപ്പിച്ചത്. ഈ വ്യക്തികളുടെ പ്രയത്നങ്ങളെ ആദരിക്കാനും സ്ഥാപനത്തിന് നൽകിയ സംഭാവനകളെ അടയാളപ്പെടുത്താനുമായാണ് പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടി സ്ഥാപനത്തിന്റെ എല്ലാ ശാഖകളിലും തത്സമയം സംപ്രേഷണം ചെയ്തുകൊണ്ട് 17,700 ജീവനക്കാരിലേക്കും സന്ദേശം നൽകുകയും ചെയ്തു.

തങ്ങളുടെ സ്വപ്നങ്ങളെ കൈയെത്തിപ്പിടിക്കാൻ അതിയായ ആഗ്രഹം പ്രകടിപ്പിക്കുകയും കഠിനാധ്വാനം ചെയ്യാൻ പ്രചോദിതരാകുകയും ചെയ്യുന്നവർക്കെല്ലാം ഒരു വിവേചനവുമില്ലാതെ അവസരം ഒരുക്കികൊടുക്കണമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. പരിമിതികളെ മറികടന്നും കഠിനാധ്വാനത്തോടെയും അത്യുത്സാഹത്തോടെയും വിവിധ മേഖലകളിൽ മികവ് തെളിയിക്കുന്ന വികലാംഗരായ ഒട്ടേറെ മനുഷ്യരുണ്ട്. നിശ്ചയദാർഢ്യത്തിന്റെ കരുത്തോടെ ജീവിക്കുന്ന ഇത്തരം മനുഷ്യരെ പ്രോത്സാഹിപ്പിക്കാനും അവരുടെ സംഭാവനകൾ സമൂഹത്തിന്റെ ഉന്നമനത്തിനായി ഉപയോഗപ്പെടുത്താനും നാം ശ്രദ്ധചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.