ദുബായ്: പെട്ടെന്നുണ്ടായ അമ്മയുടെ വിയോഗം ആഘാതമായപ്പോൾ ദുബായ് കാണാനെത്തിയ റഷ്യൻ കുടുംബത്തിന് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടിയത് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

ദുബായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെത്തുടർന്നാണ്‌ റഷ്യൻ സ്വദേശി അനസ്താസിയ പോപ്പോവയുടെ അമ്മ മരിച്ചത്. യാത്രക്കിടെ കുഴഞ്ഞുവീണ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ഇവരെ രക്ഷിക്കാനായില്ല.

അമ്മയുടെയും രണ്ടു കുട്ടികളുടെയും കൂടെ ദുബായ് സന്ദർശിക്കാനെത്തിയ അനസ്താസിയയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു ആശുപത്രിയിലെ ബില്ല്. ഏകദേശം 8,40,000 ദിർഹമാണ് ഇവർ ആശുപത്രിയിൽ നൽകേണ്ടിയിരുന്നത്. വിവരമറിഞ്ഞ ദുബായ് ഭരണാധികാരി ആശുപത്രിയിലെ മുഴുവൻ തുകയും അതോടൊപ്പം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകാനുള്ള ചെലവുകളും ഏറ്റെടുത്തു. കൂടാതെ ഈ കുടുംബത്തിന് തിരികെ മടങ്ങാനുള്ള വിമാനടിക്കറ്റ് അടക്കമുള്ള ചെലവുകൾ വഹിക്കുമെന്നും പ്രഖ്യാപിച്ചു.