ദുബായ്: സാധനങ്ങൾ വാങ്ങിക്കാൻ ഇപ്പോൾ യഥേഷ്ടം ഓൺലൈൻ വെബ്‌സൈറ്റുകൾ ഉണ്ട്. എന്നാൽ, തത്ക്കാലം വാടകയ്ക്ക് മാത്രം മതിയെങ്കിൽ അതിനുമുണ്ട് വഴി. ദുബായിൽ പുതുതായി പിറവിയെടുത്ത ടെനറിറ്റ് (tnerit) എന്ന ഓൺലൈൻ റെന്റൽ മാർക്കറ്റ് പ്ളേസാണ് ഇക്കാര്യം വാഗ്ദാനം ചെയ്യുന്നത്.

ദുബായ് നിവാസികൾക്ക് ഈ ആപ്പിലൂടെ സൗകര്യംപോലെ ആവശ്യമായ വസ്തുക്കൾ വാടകയ്ക്ക് വാങ്ങി ഉപയോഗിക്കാനും മറ്റുള്ളവർക്ക് കൊടുക്കാനും സാധിക്കും. കുടുംബസമേതം ഔട്ട് ഡോർ ഡിന്നറിന് ഒരു ബാർബിക്യൂ മെഷീനോ കുട്ടികൾക്ക് ഹാലോവിൻ കോസ്റ്റ്യൂമോ എന്തുമാവട്ടെ ടെനറിറ്റ് അതിന് വഴിയൊരുക്കും.

നിലവിൽ ഈ ആപ്പിൽ ഇലക്‌ട്രോണിക്സ്, ഹോം ഗാർഡൻ, സ്വയം റിപ്പയർ ചെയ്ത് ഉപയോഗിക്കാവുന്ന വസ്തുക്കൾ, ഹോളിഡേ ആൻഡ്‌ ട്രാവൽ, ടോയ്‌സ്, ഗെയിംസ്, ഹോബീസ് ആൻഡ്‌ പാർട്ടി സപ്ലൈസ്, സ്പോർട്‌സ് ആൻഡ്‌ ഫിറ്റ്‌നസ്, അപ്ലയൻസസ്, അപ്പാരെൽ, മ്യൂസിക് ആൻഡ്‌ മ്യൂസിക്കൽ ഇൻസ്ട്രുമെന്റ്‌സ്, ബുക്‌സ് എന്നിവ ലഭ്യമാണ്.

നിങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ വാടകയ്ക്ക് വാങ്ങി ഉപയോഗിക്കാമെന്നത് പോലെത്തന്നെ നിങ്ങളുടെ വസ്തുക്കൾ മറ്റുള്ളവർക്ക് കടമായി നൽകുന്നതിലൂടെ വരുമാനവും ഉണ്ടാക്കാമെന്നതും ഇതിന്റെ സവിശേഷതയായി വക്താക്കൾ പറയുന്നു.

നിലവിൽ ടെനറിറ്റ് ദുബായിലെ ഗുണഭോക്താക്കൾക്ക് മാത്രമായിരിക്കും ലഭ്യമാവുന്നത്. ആൻഡ്രോയിഡ് ഗുഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ടെനറിറ്റ് ലഭ്യമാണ്. 2019- ഓടെ അബുദാബിയിലും ഷാർജയിലും ടെനറിറ്റ് ലഭ്യമാക്കാനുളള ശ്രമത്തിലാണ് നിർമാതാക്കൾ.