ദുബായ്: കോളേജ് പൂർവവിദ്യാർഥി സംഘടനകളുടെ കൂട്ടായ്മയായ അക്കാഫ് വൊളന്റിയർ ഗ്രൂപ്പ് വെള്ളിയാഴ്ച ദി ഗ്രേറ്റ് ഇന്ത്യൻ റൺ 2020 എന്നപേരിൽ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. രാവിലെ ഏഴരമുതൽ 11.30 വരെ മംസാർ ബീച്ച് റോഡിലാണ് ഈ മിനി മാരത്തോൺ.

സ്വദേശികളെയും വിദേശികളെയും ഒരുപോലെ പങ്കെടുപ്പിച്ചുകൊണ്ട് മലയാളികളുടെ നേതൃത്വത്തിൽ നടത്തുന്ന മേളയ്ക്ക് ദുബായ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (സി.ഡി.എ.), ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്, ദുബായ് പോലീസ്, ദുബായ് സ്പോർട്‌സ് കൗൺസിൽ എന്നിവയുടെ പിന്തുണയുമുണ്ട്. സി.ഡി.എ.യുടെ ഒട്ടേറെ പദ്ധതികളിൽ അക്കാഫ് വൊളന്റിയർ ഗ്രൂപ്പ് ഇതിനകം സഹകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന ഗ്രേറ്റ് ഇന്ത്യൻ റൺ ഈ രാജ്യവുമായുള്ള മലയാളികളുടെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുംകൂടി ഉള്ളതാണെന്ന് സംഘാടകസമിതി ഭാരവാഹികളായ പോൾ ടി. ജോസഫും മോഹൻ വെങ്കിട്ടും പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യാ ക്ലബ്ബ്‌ ചെയർമാനും മലയാളിയുമായ സിദ്ധാർഥ് ബാലചന്ദ്രനാണ് ഗ്രേറ്റ് റണ്ണിന്റെ ബ്രാൻഡ് അംബാസഡർ. ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിലുള്ള നിശ്ചയദാർഢ്യക്കാരായ കുട്ടികൾക്കായുള്ള അൽ ഇബ്തിസാമ സെന്ററെന്ന സ്പെഷൽ സ്കൂളിനായി സഹായം എത്തിക്കുകയെന്ന ദൗത്യംകൂടി ഈ സംരംഭത്തിനുണ്ടെന്ന് സിദ്ധാർത്ഥ് ബാലചന്ദ്രൻ പറഞ്ഞു.

രാവിലെ ഏഴരയ്ക്ക് എല്ലാവരും ഒത്തുചേർന്നതിനുശേഷം എട്ടിന് കോൺസൽ ജനറൽ വിപുൽ മിനി മാരത്തണിന്റെ ഫ്ളാഗ് ഓഫ് നിർവഹിക്കും. പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ അക്കാഫ് വൊളന്റിയർ ഗ്രൂപ്പിന്റെ വെബ്‌സൈറ്റ് വഴി നടക്കും. രാവിലെ അവിടെയെത്തുന്നവർക്കും പങ്കെടുക്കാം. അഞ്ച് കിലോമീറ്റർ ദുരത്തിലുള്ള മാരത്തണിനുശേഷം കലാപരിപാടികളും അരങ്ങേറും. ഒട്ടേറെ വിദേശികളും പങ്കെടുക്കുന്നുണ്ട്. വരുന്നവർക്കെല്ലാം ടീഷർട്ട് വേദിയിൽവെച്ച് നൽകും. ധാരാളം കുടുംബങ്ങൾ പരിപാടിക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്ന് അവർ വിശദീകരിച്ചു.

വെങ്കിട്ട് മോഹൻ ജനറൽ കൺവീനറും ജെറോം തോമസ്, സിന്ധു ജയറാം, ഗണേഷ് നായിക് എന്നിവർ ജോയിന്റ് കൺവീനറുമായുള്ള സംഘാടകസമിതിയാണ് നേതൃത്വംനൽകുന്നത്. സിന്ധു ജയറാം, മുഹമ്മദ് റഫീഖ് എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.