ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് കോടികളുടെ മഹാഭാഗ്യം. ബുധനാഴ്ച നടന്ന മില്ലേനിയം മില്യനർ ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലാണ് കണ്ണൂർ സ്വദേശി ശരത് കുന്നുമ്മലിന് (26) ഒന്നാം സമ്മാനം ലഭിച്ചത്. പത്തുലക്ഷം ഡോളറാണ് (ഏഴ് കോടിയിലേറെ ഇന്ത്യൻ രൂപ) സമ്മാനത്തുക. ദുബായിൽ ടെക്‌നീഷ്യനായി ജോലിചെയ്യുകയാണ് ശരത്. ഒമ്പത് സുഹൃത്തുക്കളോടൊന്നിച്ചാണ് ടിക്കറ്റെടുത്തത്. അതുകൊണ്ട് സമ്മാനത്തുക അവരുമായി പങ്കുവെക്കും. പ്രായമായ മാതാപിതാക്കളുടെ ചികിത്സയ്ക്കായി പണം ഉപയോഗിക്കുമെന്ന് ശരത് പറഞ്ഞു. ഫെബ്രുവരി രണ്ടിനാണ് സമ്മാനാർഹമായ 4275 നമ്പറിലെ ടിക്കറ്റെടുത്തത്. നറുക്കെടുപ്പിന്റെ തത്സമയ സംപ്രേക്ഷണം പോലും കാണാതിരുന്ന അദ്ദേഹത്തിന് അപ്രതീക്ഷിതമായാണ് സമ്മാനം തേടിയെത്തിയത്.
അബുദാബിയിൽ താമസിക്കുന്ന ഇന്ത്യക്കാരി രെഹ രൂപേഷിനാണ് ബി.എം.ഡബ്ല്യു. എക്സ് സിക്‌സ് എം50ഐ കാർ ലഭിച്ചത്. 17 വയസ്സുള്ള രെഹയുടെ പേരിൽ അച്ഛനാണ് ജനുവരി 16-ന് ഓൺലൈൻ വഴി ടിക്കറ്റെടുത്തത്. അബുദാബി ഇന്ത്യൻ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് രെഹ. അബുദാബി ജെംസ് യൂണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ ഓപ്പറേഷൻ ഓഫീസറായി ജോലിചെയ്യുന്ന ഇന്ത്യക്കാരൻ സാനിയോ തോമസിനും ഇത്തവണ നറുക്കെടുപ്പിൽ ആഡംബര ബൈക്ക് സമ്മാനമായി ലഭിച്ചു.