കൊച്ചി: ഷാർജയിൽ ഡ്രൈവർജോലി ആഗ്രഹിക്കുന്നവർക്ക് ഇനി കേരളത്തിൽ ഡ്രൈവിങ് പഠിക്കാം. ജോലി ലഭിച്ച് വിദേശത്ത് എത്തിയശേഷം ലൈസൻസ് കരസ്ഥമാക്കുക എന്ന ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും. കേരളത്തിൽ വെച്ചുതന്നെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവിങ് പരിശീലിക്കാം.

കേരളത്തിലെയും വിദേശത്തെയും ഡ്രൈവിങ് രീതി വ്യത്യസ്തമായതിനാൽ പൊതുനിരത്തിലൂടെയുള്ള പരിശീലനം ഇവിടെ സാധ്യമല്ല. അതിനാൽ ഒരു പ്രത്യേക കേന്ദ്രമാണ് പരിശീലനത്തിന് ഒരുക്കുക. ഷാർജ ഭരണകൂടവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 35 കോടി രൂപ ചെലവിലാണ് പരിശീലനകേന്ദ്രമൊരുക്കുന്നത്.

മലപ്പുറത്ത് ഇൻകെലിന്റെ 25 ഏക്കർ സ്ഥലം ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഈസ്ഥലത്ത് വിദേശമാതൃകയിലുള്ള ട്രാക്കും പാർക്കിങ് കേന്ദ്രങ്ങളും സിഗ്നലുകളും സജ്ജീകരിക്കും. ഇവിടെെവച്ചായിരിക്കും രണ്ടു ഘട്ടങ്ങളിലായുള്ള പരിശീലനവും പരീക്ഷകളും നടത്തുക. ഇവ ഷാർജയിലെ അധികാരികൾക്ക് അവിടെയിരുന്നു നിരീക്ഷിക്കാൻ സംവിധാനമുണ്ടാവും. അവസാനവട്ട ടെസ്റ്റ് മാത്രമായിരിക്കും ഷാർജയിൽ നടത്തുക. അതിനുള്ള തീയതി കേരളത്തിൽനിന്ന് എടുത്തുപോകാം.

ആദ്യഘട്ടത്തിൽ സിഗ്നൽ, റിവേഴ്‌സ്, പാർക്കിങ് എന്നിവയായിരിക്കും പരിശോധിക്കുക. രണ്ടാംഘട്ടത്തിലാണ് റോഡ് ടെസ്റ്റ്. ഇതിനുവേണ്ട ഉപകരണങ്ങൾ വിദേശത്തുനിന്നു കൊണ്ടുവരും. പ്രാരംഭചർച്ചകളാണ് നിലവിൽനടന്നിട്ടുള്ളത്.

ലാഭിക്കാം, സമയവുംകാശും

ഷാർജയിൽ ഏറ്റവുംകൂടുതലെത്തുന്നത് മലയാളികളായതിനാലാണ് ഇത്തരമൊരു ആശയം നടപ്പാക്കുന്നത്. മലയാളികൾ ഇവിടെയെത്തി മൂന്നുംനാലുംമാസം ഫീസുനൽകി പഠിച്ചാണ് ലൈസൻസ് സ്വന്തമാക്കുന്നത്. ഇതിന് രണ്ടരലക്ഷംമുതൽ നാലുലക്ഷംവരെ രൂപ ചെലവാകും.

- രാജീവ് പുത്തലത്ത്, ജോയന്റ് ട്രാഫിക് കമ്മിഷണർ