ദുബായ്: ഡ്രൈവറില്ലാ പൊതുവാഹനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തികം, നിയന്ത്രണം, ഇൻഷുറൻസ് തുടങ്ങിയവ ഉൾപ്പെടുന്ന നിയമം ഗതാഗത വകുപ്പ് പുറത്തിറക്കി. ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണയോട്ടം ദുബായ് റോഡുകളിൽ ഉടൻ തുടങ്ങാനിരിക്കേയാണ് അന്തിമനിയമങ്ങൾ വകുപ്പ് തയ്യാറാക്കിയത്.

എല്ലാ ഡ്രൈവറില്ലാ വാഹനങ്ങൾക്കും നിയന്ത്രണങ്ങളും ചട്ടങ്ങളും ബാധകമായിരിക്കും. പരീക്ഷണയോട്ടം നിയന്ത്രിക്കുന്ന എക്സിക്യൂട്ടീവ് കൗൺസിലിന്റെ പ്രമേയം നടപ്പിലാക്കുന്നതാണ് നിയമനിർമാണം. വ്യവസ്ഥകളിലേക്ക് ബന്ധപ്പെട്ട കക്ഷികളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് നിയമങ്ങളുടെ ലക്ഷ്യം.

ഡ്രൈവറില്ലാ വാഹനങ്ങൾക്ക് സമഗ്ര ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കണം. പരിശോധനാ കാലയളവിലുടനീളം നയം സാധുവായിരിക്കണം. ആർ.ടി.എ., ദുബായ് പോലീസ്, ആംബുലൻസ് സേവനങ്ങൾ, ദുബായ് കോർപ്പറേഷൻ തുടങ്ങി സർക്കാർ സ്ഥാപനങ്ങളുടെ പങ്കും ഉത്തരവാദിത്വങ്ങളും നിയമത്തിൽ വിശദമാക്കുന്നുണ്ട്. സാങ്കേതിക സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുന്നതിൽ ലൈസൻസിങ് അതോറിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുന്നതിനാൽ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ)ക്ക് നിർണായക പങ്കുണ്ട്. പരീക്ഷണയോട്ടം നടത്തുന്ന റോഡുകൾ, പ്രദേശങ്ങൾ, വാഹനത്തിന്റെ വേഗത എന്നിവ നിശ്ചയിക്കുന്നത് ആർ.ടി.എ ആണ്. പരീക്ഷണയോട്ടം അവസാനിച്ചാൽ വാഹനങ്ങൾ നിരത്തിലിറക്കാനും മേൽനോട്ടം വഹിക്കാനും സംയുക്ത സംഘങ്ങൾ രൂപവത്കരിക്കാൻ ആർ.ടി.എ.ക്ക് അധികാരമുണ്ട്.

വാഹനങ്ങളിൽ പരമ്പരാഗത രീതിയിൽനിന്ന് വ്യത്യസ്തമായി കുറഞ്ഞ ഗതാഗത ചെലവായിരിക്കും. കാർബൺ പുറംന്തള്ളൽ, അപകടങ്ങൾ എന്നിവ കുറയും. സമയലാഭവുമുണ്ടാകുമെന്ന് പൊതുഗതാഗത ഏജൻസി സി.ഇ.ഒ.യും സ്മാർട്ട് ചെയർപേഴ്‌സണുമായ അഹമ്മദ് ഹാഷിം ബഹ്‌റോസിയൻ പറഞ്ഞു. വാഹനത്തിൽ കയറി ലക്ഷ്യം രേഖപ്പെടുത്തിയാൽ സുരക്ഷിതമായി യാത്ര ചെയ്യാം. ആദ്യഘട്ടത്തിൽ ഡ്രൈവർമാരുണ്ടാകും. പിന്നീട് 100 ശതമാനവും കാര്യക്ഷമമെന്ന് ഉറപ്പാക്കിയ ശേഷം ഡ്രൈവർമാരെ പിൻവലിക്കും.

ഡ്രൈവറില്ലാ വാഹനങ്ങൾ കൂടുതൽ സുരക്ഷിതമാകുമെന്നാണ് വിലയിരുത്തൽ. സുരക്ഷ ഉറപ്പാക്കാൻ നൂതന സെൻസറുകളും ക്യാമറകളും വാഹനങ്ങളിൽ ഉണ്ടാകും. നിർമിതബുദ്ധി ഉപയോഗിച്ചാവും പ്രവർത്തനം. ചുറ്റുമുള്ള വാഹനങ്ങൾ, ട്രാക്കുകൾ എന്നിവയെയും വഴിയാത്രക്കാരെയും നിരീക്ഷിക്കാൻ സംവിധാനമുണ്ട്. ഡ്രൈവർമാർക്ക് സംഭവിക്കുന്ന പിഴവുകൾ ഈ വാഹനങ്ങളിൽ ഉണ്ടാകില്ല. എത്ര തിരക്കിലും അനായാസം വാഹനം സഞ്ചരിക്കും. ഏറ്റവും കൂടുതൽ സ്വയം നിയന്ത്രണ വാഹനങ്ങൾ ഓടുന്ന ലോകത്തിലെ തന്നെ ആദ്യ രാജ്യമാകാനുള്ള ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് യു.എ.ഇ. 2030 ആകുമ്പോഴേക്കും ദുബായിലെ പൊതുവാഹനങ്ങളിൽ 25 ശതമാനവും ഇത്തരം വാഹനങ്ങളാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.