ഷാർജ: ഷാർജ ഖാലിദ് ലഗൂണിൽനിന്ന് മുങ്ങൽ വിദഗ്ധർ 440 കിലോഗ്രാം മാലിന്യം നീക്കംചെയ്തു. മ്യൂസിയം അതോറിറ്റി വർഷംതോറും നടത്തിവരാറുള്ള കാമ്പയിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്, ടയർ, ഗ്ലാസ് ഉൾപ്പെടെയുള്ള മാലിന്യം നീക്കം ചെയ്തത്. ഷാർജ അക്വേറിയം, എമിറേറ്റ്‌സ് ഡൈവിങ് സെന്റർ എന്നിവിടങ്ങളിൽനിന്നുള്ള 42 മുങ്ങൽ വിദഗ്ധരും സന്നദ്ധപ്രവർത്തകരും വൃത്തിയാക്കൽ കാമ്പയിനിൽ പങ്കെടുത്തതായി സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു.

ഷാർജ പോലീസ്, ഷാർജ മുനിസിപ്പാലിറ്റി, എമിറേറ്റ്‌സ് ഡൈവിങ് സെന്റർ എന്നിവയുമായി സഹകരിച്ചായിരുന്നു സമുദ്രമാലിന്യം നീക്കംചെയ്തത്. സമുദ്ര പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ഷാർജ അക്വേറിയം ക്യൂറേറ്റർ റാഷിദ് അൽ ഷംസി പറഞ്ഞു.

പരിസ്ഥിതിസംരക്ഷണത്തിന് പൊതുജനങ്ങളെ കൂടുതൽ ആകർഷിക്കുന്നതിനാണ് ഷാർജ ഖാലിദ് ലഗൂൺ തിരഞ്ഞെടുത്തത്. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുന്നതോടൊപ്പം പ്ലാസ്റ്റിക് മാലിന്യം എങ്ങനെ പുനരുപയോഗിക്കാമെന്ന വിഷയത്തിൽ നിരവധി വർക്ക്‌ഷോപ്പുകളും കാമ്പയിനിനൊപ്പം ഉണ്ടായിരുന്നു. 2016 മുതൽ നടത്തിവരുന്ന മറൈൻ ക്ലീൻ അപ്പ് കാമ്പയിൻ ഷാർജയിലെ വിവിധ സമുദ്രതീരങ്ങളിൽനിന്നായി 13.7 ടൺ മാലിന്യം നീക്കം ചെയ്തിട്ടുണ്ട്.

Content Highlight: Divers remove 440kg waste from Sharjah’s Khalid Lagoon