ഷാർജ : കോവിഡ് ബാധയൊഴിഞ്ഞ് മകളുടെ കല്യാണം നടത്താനിരുന്ന ആലപ്പുഴ എനക്കാട് സ്വദേശി എ.എം. തോമസ് (63) ആഗ്രഹം സഫലമാകാതെ കോവിഡിനുകീഴടങ്ങി യാത്രയായി.

വ്യാഴാഴ്ചയാണ് ഷാർജ അൽ ഖാസിമി ആശുപത്രിയിൽവെച്ച് തോമസ് മരിച്ചത്. ഷാർജ വ്യവസായമേഖലയിൽ സോഫിയ ഇലക്‌ട്രിക്കൽസ് എന്ന പേരിൽ ബിസിനസ് നടത്തുകയായിരുന്ന തോമസിന്റെ ജീവിതത്തിലെ വലിയ സ്വപ്നം മകളുടെ വിവാഹം ഗംഭീരമായി നടത്തണമെന്നതായിരുന്നു. അതിനായി ദിവസം നിശ്ചയിക്കുകയും ചെയ്തപ്പോഴാണ് കോവിഡ് വ്യാപിച്ചത്.

യു.എ.ഇ.യിൽനിന്ന് വിമാന സർവീസുകൂടി മുടങ്ങിയതോടെ മകളുടെ വിവാഹം കോവിഡ് ഭീതിക്കുശേഷം നടത്താമെന്ന് തീരുമാനിക്കുകയുമായിരുന്നു. രോഗത്തിന് പതുക്കെ ശമനമുണ്ടാവുകയും വിമാനങ്ങൾ കേരളത്തിലേക്ക് പറന്നുതുടങ്ങിയതും തോമസിനെ സന്തോഷിപ്പിച്ചിരുന്നു.

ആ സന്തോഷത്തിൽ നാട്ടിലേക്കുപോയി മാറ്റിവെച്ച കല്യാണം പെട്ടെന്നുതന്നെ നടത്താനുള്ള തയ്യാറെടുപ്പിലുമായിരുന്നു. അപ്പോഴാണ് കോവിഡ് പിടികൂടിയത്. രോഗം ഉടനെ ഭേദമാവുമെന്നും നാട്ടിലേക്കുപോകാൻ സാധിക്കുമെന്നും കണക്കുകൂട്ടി കഴിയവേയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്.

ഷാർജ ഓർത്തഡോക്സ് ഇടവകാംഗമായിരുന്നു, 30 വർഷത്തിലധികമായി തോമസ് ഷാർജയിലുണ്ട്. ഭാര്യ: മറിയാമ്മ. മൂത്തമകൻ മാത്യു തോമസ് കുടുംബസമേതം അമേരിക്കയിലാണ്. രണ്ടാമത്തെ മകൻ തോമസ് വർഗീസ് ഷാർജയിൽ പിതാവിന്റെ കൂടെയാണ്.

മറ്റുമക്കളായ എലിസബത്തും സൂസന്നയും ഇരട്ടസഹോദരികളാണ്. ജീവകാരുണ്യപ്രവർത്തനങ്ങളിലും തോമസ് സജീവമായിരുന്നു.