ദുബായ് : മികച്ച ആരോഗ്യസുരക്ഷാ നടപടികളോടെ ദുബായിൽ കരീം ബൈക്ക് സേവനം പുനരാരംഭിച്ചു. സൈക്ലിങ് ഒരു ജനപ്രിയ ഗതാഗത സംവിധാനമാണെന്നിരിക്കെ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ ശുചിത്വനടപടികൾ ഉറപ്പുവരുത്തിയാണ് പ്രവർത്തനം. പ്രത്യേക മാനദണ്ഡങ്ങളോടെ ദുബായിലെ ഉപഭോക്താക്കൾക്ക് വേണ്ടി മാത്രമാണ് സേവനം. കരീം ഓൺ ഗ്രൗണ്ട് ടീം അണുനാശിനി ഉപയോഗിച്ച് ഓരോബൈക്കും ദിവസവും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും. കൂടാതെ ഓരോ ഉപഭോക്താവിനും കരീം നൽകുന്ന അണുനാശിനി ബൈക്ക് വൃത്തിയാക്കാനായി ഉണ്ടാകും. സ്വന്തമായി കൈയുറകൾ ഇല്ലാത്തവർക്ക് ഓരോ സ്റ്റേഷനിലെയും പ്രത്യേക ഡിസ്പെൻസറുകളിൽനിന്ന്‌ കൈയുറകൾ ലഭിക്കും. കരീം ബൈക്ക് ഉപയോഗിക്കുമ്പോൾ നിർബന്ധമായും കൈയുറകൾ ധരിച്ചിരിക്കണം. സ്റ്റേഷനുകളിൽ ഓരോ സവാരിക്ക് മുൻപും ശേഷവും ഉപയോഗിക്കാൻ ഹാൻഡ് സാനിറ്റൈസറുകളും സജ്ജീകരിച്ചിട്ടുണ്ട്.

കരീം ബൈക്ക് സേവനത്തിനുള്ള ചാർജിൽ മാറ്റമില്ല. ഒരു ദിവസത്തേക്ക് 20 ദിർഹം തന്നെയാണ്. ഒരാഴ്ചത്തേക്ക് 50 ദിർഹം, പ്രതിമാസ മെമ്പർഷിപ്പിന് 75 ദിർഹം, ഒരു വർഷത്തേക്ക് 420 ദിർഹം എന്നിങ്ങനെയാണ്. സമ്പൂർണ ഇലക്ട്രിക് സൈക്കിളിൽനിന്ന്‌ വ്യത്യസ്തമായി തുടക്കത്തിൽ പെഡൽ ചവിട്ടിക്കൊടുത്താൽ വേഗതകൈവരിച്ച് സ്വയം നീങ്ങുന്നവയാണ് കരീം ബൈക്ക്. ദീർഘദൂരം യാത്ര ചെയ്യുമ്പോൾ പെഡൽ ചവിട്ടി ക്ഷീണിക്കേണ്ട എന്നതാണ് ഇവയുടെ മറ്റൊരുഗുണം. ഉപഭോക്താക്കൾക്ക് കരീം ബൈക്ക് ആപ്പ് വഴി സൈക്കിളുകൾ വാടകയ്ക്കെടുക്കാനും പണമടയ്ക്കാനും സാധിക്കും. സൗരോർജത്തിലാണ് ഡോക്കിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്. 800 പെഡൽ അസിസ്റ്റഡ് മെഷീനുകളുണ്ട്. മെട്രോ സ്റ്റേഷനുകൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങളായ ദുബായ് മറീന, വാട്ടർ കനാൽ, പാം ജുമൈറ എന്നിവക്കും സമീപവും ജുമൈറ ലേക്ക് ടവേഴ്‌സ്, ദി ഗ്രീൻസ്, മീഡിയ സിറ്റി എന്നിവ ഉൾപ്പെടെയുള്ള ബിസിനസ് കേന്ദ്രങ്ങളിലും കരീം ബൈക്ക് സേവനമുണ്ട്.

Content Highlight: cycling in Dubai restarted ​