ദുബായ്: സൈക്ലിങ് മത്സരത്തിനിടെ താഴെവീണ സ്വദേശി യുവതി അനാൻ അൽ അംരിക്ക് ആ കാഴ്ചയിപ്പോഴും മറക്കാനായിട്ടില്ല. അൽ വത്ബ ടീമംഗമായ അനാൻ ദുബായിൽ നടന്ന സൈക്ലിങ് പോരാട്ടത്തിനിടെയായിരുന്നു സൈക്കിളുകൾ തമ്മിൽ കൂട്ടിയിടിച്ച് താഴെ വീണുപോയത്. താഴെനിന്നും പിടിച്ചെഴുന്നേൽപ്പിച്ച കൈകൾ കണ്ട് അനാൻ ആദ്യമൊന്ന് പകച്ചുപോയി. പിന്നെ നിറഞ്ഞ ബഹുമാനാർഥം പുഞ്ചിരിച്ചു. സൈക്കിളിൽനിന്ന്‌ അനാൻ നിലത്തുവീഴുന്നത് കണ്ടയുടനെ പിറകെ വാഹനത്തിലുണ്ടായിരുന്ന യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഓടിയെത്തുകയായിരുന്നു. അടുത്തെത്തി അനാനുവേണ്ട ശുശ്രൂഷ നൽകാനും അദ്ദേഹം മറന്നില്ല. സൈക്ലിങ് മത്സരത്തിലെ ഈ അപൂർവ സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇതിനകം വൈറലായിക്കഴിഞ്ഞു. പോക്കറ്റിൽനിന്ന്‌ തൂവാലയെടുത്ത് യുവതിയുടെ മുഖം തുടയ്ക്കുന്നതും പിന്നീട് സൈക്കിളിൽനിന്ന്‌ ഇറങ്ങാൻ സഹായിക്കുന്നതും വീഡിയോയിൽ കാണാം.

സൈക്ലിങ്ങിൽ അതീവതാത്പര്യമുള്ള ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് ദുബായിൽ അൽ സലാം സൈക്ലിങ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. മത്സരാർഥികൾക്ക് പിന്നിൽ അവരെ പിന്തുടരുന്ന ഒരു വാഹനത്തിലായിരുന്നു ശൈഖ് മുഹമ്മദ് ഉണ്ടായിരുന്നത്. സാധാരണ ജനങ്ങളെപ്പോലെ പൊതുനിരത്തിലൂടെ സഞ്ചരിക്കാറുള്ള യു.എ.ഇ. ഭരണാധികാരികൾ പൊതുജനങ്ങളെ സഹായിക്കുന്ന വാർത്തകൾ ആദ്യമായല്ല പുറത്തുവരുന്നത്. മരുഭൂമിയിൽ കുടുങ്ങിപ്പോയ വിദേശിയുടെ വാഹനം സ്വന്തംകാറിൽ കെട്ടിവലിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി വീഡിയോദൃശ്യങ്ങൾ നേരത്തേ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.

Content Highlights: cycle accident during cycling competition n Dubai