ഹാമാരികൾ എക്കാലവും സാമൂഹിക ഘടന, സംഘാടനം, മെഡിക്കൽ അറിവ്, ചികിത്സാരീതികൾ എന്നിവയുടെ ഉരകല്ലുകള െത്ര. അതുകൊണ്ട്തന്നെ പുതിയ രോഗങ്ങൾ പഴമയിലേക്കുള്ള അന്വേഷണാത്മക എത്തിനോട്ടത്തിന് എപ്പോഴും കാരണമാവുന്നു. പഴമ ഓർത്തെടുത്തതുകൊണ്ട് മാത്രം കാര്യമില്ല, അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകകൂടി വേണം. രോഗലക്ഷണങ്ങളില്ലാത്ത രോഗികൾ (asymptomatic patients) എന്ന അവസ്ഥയില്ലാത്ത 2003-ലെ സാർസ് രോഗത്തിന്റെ വ്യാപനസമയത്ത് സ്വീകരിച്ച അതേ പദ്ധതി കോവിഡ് 19-ന്റെ തുടക്കത്തിൽ സ്വീകരിച്ചത് പാഠങ്ങൾ ഉൾക്കൊള്ളുന്നില്ല എന്നതിനുള്ള തെളിവാണ് .

പ്രശസ്ത മെഡിക്കൽ ചരിത്രഗവേഷക പ്രൊഫ. സാലി ഷേർഡ്, തെളിവുകൾ ആധാരമായ ചർച്ചകൾ വേണമെന്ന് ഹിസ്റ്ററി ആൻഡ്‌ പോളിസി വെബ്‌സൈറ്റിൽ പറയാനുള്ള കാരണവും മറ്റൊന്നല്ല.

2020-നെ എങ്ങനെയാണ് ചരിത്രം ഓർമിക്കാനും ആലേഖനം ചെയ്യാനും പോകുന്നത് ? സാമൂഹിക അകലം, ഹേർഡ് ഇമ്മ്യൂണിറ്റി, ക്വാറൻറീൻ, ലോക് ഡൗൺ എന്നീ മെഡിക്കൽ വാക്കുകൾ പൊതുജനങ്ങളെ പരിചയപ്പെടുത്തിയതിനും ജീവിതത്തിൽ സ്വാംശീകരിക്കാൻ നിർബന്ധതിതവുമാക്കിയ വർഷമെന്ന നിലയിലോ? ഈ അഭൂതപൂർവമായ പ്രതിസന്ധിയിൽ പഞ്ചേന്ദ്രിയപ്രദങ്ങളായ സൂചനകളിലൂടെ ജീവിതം മുന്നോട്ടുനയിക്കാൻ നാമോരോരുത്തരും പെടാപ്പാട് പെടുകയാണ്. കൂനിന്മേൽ കുരുപോലെ കോവിഡ് നമ്മുടെ രുചിയും ഘ്രാണശക്തിയും അപഹരിച്ചപ്പോൾ , സാമൂഹിക അകലനിയമം സ്പർശനക്ഷമതയും ഇല്ലാതാക്കിയിരിക്കുന്നു.

തങ്ങളുടെ വീടുകളിൽനിന്ന് പാട്ടുപാടിയും മണിയടിച്ചും മഴവിൽനിറങ്ങളിൽ വീടുകൾ അലങ്കരിച്ചും ലോകമെമ്പാടും മുൻനിര പ്രവർത്തകരെ ആദരിച്ചപ്പോൾ, പതിനേഴാം നൂറ്റാണ്ടിലെ പ്‌ളേഗ് കാലഘട്ടത്തിൽ മുൻവാതിലിൽ ചുവന്ന കുരിശു വെച്ചും അലറിവിളിച്ചും രോഗികളുടെ വീട്ടിൽ ആളുകൾ പ്രവേശിക്കാതിരിക്കാനുള്ള ലണ്ടൻ ജനതയുടെ ശ്രമങ്ങളുടെ പുതിയൊരു പതിപ്പായി വ്യാഖ്യാനിക്കപ്പെട്ടു.

പ്രശസ്ത മെഡിക്കൽ ചരിത്രകാരനായ ചാൾസ് റോസൻബെർഗിന്റെ അഭിപ്രായത്തിൽ, മഹാമാരികൾ നാടകരചന ശാസ്ത്രപ്രകാരം കഥകളായും വിവരണങ്ങളായും പാറ്റേൺ ചെയ്യപ്പെട്ടിരിക്കുന്നു. ശ്രദ്ധിച്ചുപരിശോധിച്ചാൽ കോവിഡിന്റെകാര്യവും വിഭിന്നമല്ല. ഏതെങ്കിലും ഒരു പ്രത്യേക ഭൂവിഭാഗത്തെയോ സാമൂഹികകൂട്ടത്തേയോ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രതിനായകൻ (യുവാനിലെ മാർക്കറ്റ്, ചൈന), നിയന്ത്രണങ്ങൾ (കോട്ടകൊത്തളങ്ങൾ), ജീവനാശം (യുദ്ധം), അതിജീവനം (യുദ്ധ തന്ത്രജ്ഞത), നായകന്മാർ (മെഡിക്കൽ, പോലീസ്, ഭരണാധികാരികൾ) എന്നിവയെല്ലാം നമുക്കിവിടെ ദർശിക്കാം.

എന്നാൽ വുഹാനിൽ തുടങ്ങാതെ, ‘ആന്ത്രപ്പൊസീൻ’ (വ്യവസായ വിപ്ലവത്തിനുശേഷം മനുഷ്യനാണ് എല്ലാത്തിനും അധിപൻ എന്ന ചിന്തയിൽ യന്ത്രങ്ങളുപയോഗിച്ച് പ്രകൃതിയെ ചൂഷണംചെയ്യാൻ തുടങ്ങിയ കാലം) കാലത്തിന്റെ കൂടപ്പിറപ്പായ ‘കാലാവസ്ഥാ വ്യതിയാന അത്യാഹിത’മായി കാണുന്നവരാണ് കൂടുതലും. നവ ജന്തുജന്യരോഗങ്ങളെ പ്രകൃതിചൂഷണത്തിന്റെ മാർഗങ്ങളായ അനിയന്ത്രിത ഭൂവുപയോഗത്തിന്റെയും കാർഷിക ബിസിനസിന്റെയും വ്യാവസായിക മലിനീകരണത്തിന്റെയും പശ്ചാത്തലത്തിൽ വിശദീകരിക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. എബോളയും പക്ഷിപ്പനികളും കത്രീനയടക്കമുള്ള ചുഴലിക്കാറ്റുകളും ആസ്‌ട്രേലിയയിലടക്കമുണ്ടായ വനാഗ്നിബാധകളും വറ്റിക്കൊണ്ടിരിക്കുന്ന നദീതടങ്ങളും ഈയൊരു നൈരന്തര്യത്തിന്റെ തുടർച്ചയത്രെ.

2015-ൽ പുലിറ്റ്‌സർ അവാർഡ് കിട്ടിയ എലിസബത്ത് കോൾബർട്ടിന്റെ ‘സിക്‌സ്ത് എക്സ്റ്റിങ്ഷൻ: ആൻ അൺനാച്ചുറൽ ഹിസ്റ്ററി’ എന്ന ഗ്രന്ഥത്തിൽ മനുഷ്യകുലം ഇപ്പോൾ സ്വയംനിർമിതമായ ആറാം വംശനാശ പരമ്പരയിലാണെന്ന് സമർഥിക്കുന്നു. ’ബിഗ് ഫാംസ് മേയ്ക് ബിഗ് ഫ്‌ളൂ’ എന്ന തന്റെ പ്രമാണിക ഗ്രന്ഥത്തിൽ പ്രശസ്ത പരിണാമ ബയോളജിസ്റ്റ് റോബർട്ട് വാലസ് സ്ഥാപിക്കുന്നതും മറ്റൊന്നല്ല. അന്താരാഷ്ട്ര കുത്തകകൾ പിടിമുറുക്കിയ അഗ്രി ബിസിനസിൽ ആയിരക്കണക്കിന് ജീവജാലങ്ങളെ ഒന്നിച്ച് ചെറുസ്ഥലങ്ങളിൽ അടുക്കി വളർത്തുമ്പോഴുണ്ടാവുന്ന (മോണോകൾച്ചർ) പുതു രോഗസാധ്യതകളെക്കുറിച്ച് അദ്ദേഹം വിശദമായി വിവരിക്കുന്നുണ്ട്. പുതു രോഗാണുക്കളെയും മഹാമാരികളേയും സൃഷ്ടിക്കുന്നവർ സമൂഹത്തിന്റെ മുമ്പിൽ ഉത്തരവാദികളാവാത്ത നട്ടെല്ലില്ലാത്ത വ്യവസ്ഥയേയും അദ്ദേഹം തുറന്നുകാട്ടുന്നുണ്ട് .

പ്രശസ്ത മെഡിക്കൽ ചരിത്രഗവേഷക ഡോ. ഡോറ വർഗ നിരീക്ഷിച്ചതുപോലെ മഹാമാരികളുടെ അവസാനം ഏതൊരു ഭരണകൂടവും സമ്മതിക്കാൻ മടിക്കുന്ന തരത്തിൽ കൃത്യമായ ഒരു വിവരണമില്ലാതെ കൂടിക്കുഴഞ്ഞായിരിക്കും. അതുകൊണ്ടുതന്നെ കുട്ടികളുടെ മാസികകളിൽ കാണുന്ന ചിത്രങ്ങൾ തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കുക എന്ന കളി, പഴയകാല വിവരണങ്ങളും പുതിയകാല ആലേഖനങ്ങളും തമ്മിൽ കളിക്കാതെ ഒരു നവലോകം കെട്ടിപ്പടുക്കാൻ ഇന്നിന്റെ വിവരണം എങ്ങനെ സഹായിക്കുമെന്ന് ശ്രദ്ധിക്കാനാണ് ചരിത്രകുതുകികളും ചരിത്രകർത്താക്കളും ശ്രമിക്കേണ്ടത്.

അതിനുവേണ്ടി പഞ്ചേന്ദ്രിയങ്ങളാൽ സ്വാംശീകരിക്കുന്ന രോഗാനുഭവങ്ങൾ ഡോ. വിക്‌റ്റോറിയ ബേറ്റ്‌സിന്റെ ‘ഹോസ്പിറ്റൽ ആസ് എ സെനിസ്കേപ്പ് ‘ എന്ന പുതുസിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ പ്രയോജനപ്പെടുത്തുമെന്ന് പ്രത്യാശിക്കാം.