ദുബായ്: കോവിഡ് പ്രതിസന്ധിയിലകപ്പെട്ട സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി യു.എ.ഇ. മൂല്യവർധിത നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു. വ്യക്തികൾക്കും ഇളവ് ലഭിക്കും. ഡിസംബർ 31-നുമുമ്പ്‌ നികുതി മുഴുവനായും പിഴ 30 ശതമാനവും അടച്ചാൽ മതി. പിഴയുടെ 70 ശതമാനം ഒഴിവാക്കിയതായും അധികൃതർ അറിയിച്ചു.

നികുതിയടയ്ക്കാൻ വൈകിയതിന്റെ പേരിലുള്ള പിഴ കണക്കുകൂട്ടുന്നതിലും മാറ്റംവരുത്തി. പ്രതിദിനം ഒരു ശതമാനം പിഴയായി കണക്കാക്കിയിരുന്നതെങ്കിൽ പുതിയ നയമനുസരിച്ച് പ്രതിമാസം നാലുശതമാനം മാത്രമാണ് കണക്കാക്കുന്നത്. പിഴത്തുക വാറ്റ് തുകയിൽ കൂടാനും പാടില്ല.

അടയ്ക്കാനുള്ള തീയതി കഴിഞ്ഞാൽ കുടിശ്ശികയുള്ള നികുതിത്തുകയുടെ രണ്ടുശതമാനം ആദ്യമാസം അധികമായി അടയ്ക്കേണ്ടിവരും. ഡിസംബർ 31-നുമുമ്പ്‌ അടച്ചാൽ പിഴ 70 ശതമാനം ഇക്കാര്യത്തിലും ഒഴിവായിക്കിട്ടും. സ്വന്തം പിഴകൾ ചൂണ്ടിക്കാട്ടി അപേക്ഷ സമർപ്പിച്ചാൽ പുതിയ നയപ്രകാരം അപേക്ഷിക്കുന്ന തീയതി മുതലുള്ള പിഴ മാത്രമേ കണക്കാക്കൂ. നികുതിസമ്പ്രദായം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർന്നത് പലർക്കും വലിയ ആശ്വാസമാണ്. നടപടി രാജ്യത്തെ കൂടുതൽ വ്യവസായസൗഹൃദമാക്കുമെന്നാണ് വിലയിരുത്തൽ.