ദുബായ് : യു.എ.ഇ.യിൽ 2730 പുതിയ കോവിഡ് കേസുകൾകൂടി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. പുതുതായി 4452 പേർ സുഖം പ്രാപിക്കുകയും ചെയ്തു.

ഒമ്പത് പേരാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ആകെ മരണം ഇതോടെ 859 ആയി. ആകെ വൈറസ് ബാധിച്ച 3,06,339 പേരിൽ 2,81,070 പേരും രോഗമുക്തി നേടുകയും ചെയ്തു.

1,27,572 പരിശോധനകൾകൂടി രാജ്യത്ത് പൂർത്തിയായി. 1,06,615 പേർക്കുകൂടി കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകി.

കോവിഡ് നിയമലംഘനം നടത്തിയ 213 ഷോപ്പുകൾക്കുകൂടി അധികൃതർ പിഴ ചുമത്തി. 30 മുന്നറിയിപ്പുകളും 14 ഷോപ്പുകൾ അടപ്പിക്കുകയും ചെയ്തു.

ദുബായിൽ വീണ്ടും കടുത്തനിയന്ത്രണങ്ങൾ

ദുബായ് : സിനിമാതിയേറ്ററുകളിൽ നിയന്ത്രണമേർപ്പെടുത്തുന്നതടക്കം ദുബായിൽ വീണ്ടും കടുത്ത കോവിഡ് നിയന്ത്രണങ്ങൾ. സിനിമാ തിയേറ്ററുകൾ, ഇൻഡോർ വിനോദപരിപാടികൾ എന്നിവയ്ക്ക് ആകെ ശേഷിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ.

ഷോപ്പിങ് മാളുകളിൽ ആകെ ശേഷിയുടെ 70 ശതമാനം പേർക്കേ പ്രവേശനം അനുവദിക്കൂ. പുലർച്ചെ ഒരുമണിക്കുശേഷം ഭക്ഷണശാലകൾ തുറക്കാൻപാടില്ല. റെസ്റ്റോറന്റുകളിൽ വിനോദപരിപാടികൾ സംഘടിപ്പിക്കാൻ പാടില്ല. ഹോട്ടലുകളിലെ നീന്തൽക്കുളങ്ങൾ, സ്വകാര്യ ബീച്ചുകൾ എന്നിവിടങ്ങളിൽ 70 ശതമാനം സന്ദർശകരായി പരിമിതപ്പെടുത്തും. ഫെബ്രുവരി രണ്ടുമുതൽ 28 വരെ പുതിയ നിബന്ധനകൾ കർശനമായി പാലിക്കണം. ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മിറ്റിയുടേതാണ് നിർദേശം. മുഖാവരണം ധരിക്കൽ, സാമൂഹിക അകലം ഉൾപ്പെടെ എല്ലാ കോവിഡ് മുൻകരുതൽ നടപടികളും പാലിക്കണം.

Content Highlight;  UAE reports 2,730 Covid-19 cases