അബുദാബി: പത്രവിതരണത്തിന് ചൊവ്വാഴ്ച്ച മുതല്‍ നാഷണല്‍ മീഡിയ കൗണ്‍സില്‍ നിയന്ത്രണമേര്‍പ്പെടുത്തി. അച്ചടിച്ച പത്രങ്ങള്‍, മാസികകള്‍ എന്നിവയുടെ വിതരണത്തിനും പൊതുവായ ഉപയോഗത്തിനുമാണ് നിയന്ത്രണം. ആരോഗ്യ, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച പ്രസിദ്ധീകരണങ്ങളുടെ പതിവ് വരിക്കാരെയും ഷോപ്പിംഗ് സെന്ററുകളിലെ വലിയ ഔട്ട്ലെറ്റുകളെയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

സ്ഥിരം വരിക്കാര്‍ക്ക് ഒഴികെയുള്ളവര്‍ക്ക് താല്‍ക്കാലികമായി പത്രം ലഭിക്കില്ല. താമസ കേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍, ഹോട്ടലുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍, പൊതുമേഖലയിലെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍, സ്വകാര്യമേഖലയിലെ സേവന കേന്ദ്രങ്ങള്‍, നിരവധി ആളുകള്‍ ഒരേ സമയം പത്രങ്ങളും വാരികകളും ഉപയോഗിക്കാന്‍ സാധ്യതയുള്ള മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തും. 

പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ലഘുലേഖകളടക്കമുള്ളവ വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കും. എന്നാല്‍ ആരോഗ്യ വിഭാഗം അംഗീകരിച്ച ബോധവത്കരണ പ്രസിദ്ധീകരണങ്ങള്‍ക്ക് നിരോധനം ബാധകമല്ല. ഒന്നില്‍ കൂടുതല്‍ ആളുകളുടെ ഉപയോഗം രോഗാണു പകരുന്നതിന് കാരണമായേക്കുമെന്നതിനാലാണ് തീരുമാനം.

Content Highlightsl to prevent Corona virus in UAE