അബുദാബി: യു.എ.ഇ.യിലെ മലയാളി പ്രവാസിസമൂഹം ഓശാന പെരുന്നാൾ ആചരിച്ചു. അബുദാബി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിശ്വാസി സമൂഹം ദേവാലയത്തിനെ പ്രദക്ഷിണം വെച്ചാണ് ചടങ്ങുകൾക്ക് തുടക്കംകുറിച്ചത്. കൈകളിൽ കുരുത്തോലകൾ ഏന്തിയും പൂക്കൾ വിതറിയുമുള്ള പ്രദക്ഷിണത്തിൽ എല്ലാ പ്രായക്കാരും അണിനിരന്നു. കുരിശുമരണത്തിന് മുന്നോടിയായി യേശുക്രിസ്തു കഴുതപ്പുറത്തേറി ജെറുസലേം തെരുവീഥികളിലൂടെ സഞ്ചരിച്ചപ്പോൾ ജനങ്ങൾ ഒലിവിലച്ചില്ലകളും കുരുത്തോലകളും വീശി എതിരേറ്റതിന്റെ ഓർമപുതുക്കലാണ് ഇത്.

ഓശാന ശുശ്രുഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കുബ് മാർ ഏലീയാസ് മെത്രാപ്പൊലിത്താ മുഖ്യ കാർമികത്വവും ഇടവക വികാരി ഫാ. ബെന്നി മാത്യു, സഹവികാരി ഫാ.പോൾ ജേക്കബ് എന്നിവർ സഹകാർമ്മികത്വവും വഹിച്ചു. ദേവാലയ ട്രസ്റ്റി പി.ജി. ഇട്ടി പണിക്കർ, സെക്രട്ടറി സന്തോഷ് കെ.ജോർജ്, മാനേജിങ് കമ്മറ്റിയംഗങ്ങൾ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Content Highlights: Christian s in Abu Dhabi  perform Oshana