ദുബായ് : വയനാട് വൈത്തിരിയിലെ വില്ല പദ്ധതിയിൽ കെൻസ ഹോൾഡിങ് വിശ്വാസവഞ്ചന നടത്തിയെന്നുള്ള ആരോപണങ്ങൾ നിഷേധിച്ച് ഗ്രൂപ്പ് ചെയർമാൻ ഡോ. ഷിഹാബ് ഷാ. ദുബായിൽ നടത്തിയ പത്രസമ്മേളനത്തിലാണ് നിക്ഷേപകരുടെ പരാതിയിൽ അടിസ്ഥാനമില്ലെന്ന് ഷിഹാബ് അറിയിച്ചത്.

2015-ലാണ് വയനാട്ടിൽ കെൻസ ഗ്രൂപ്പിന് കീഴിൽ വില്ല പദ്ധതി ആരംഭിക്കുന്നത്. 25 ശതമാനം തുകയെങ്കിലും നൽകിയാൽ വില്ലയുടെ സ്ഥലവും കെട്ടിടവും നിക്ഷേപകന് രജിസ്റ്റർചെയ്തു നൽകുമെന്ന തീരുമാനത്തിൽ വീഴ്ച വരുത്തിയിട്ടില്ല. മുഴുവൻതുകയും നൽകാത്തവരാണ് ഇപ്പോൾ ആക്ഷേപവുമായി എത്തിയിരിക്കുന്നത്. പദ്ധതിയുടെ സ്ഥലം മറ്റ് കാര്യങ്ങൾക്കായി നീക്കിയിട്ടില്ല. വില്ലയോട് ചേർന്നാണ് ആരോഗ്യസൗഖ്യ പദ്ധതിയുള്ളത്. ആരോപണമുന്നയിക്കുന്നവർ തെറ്റായവിവരങ്ങൾ പ്രചരിപ്പിക്കുന്നു.

ഇതുസംബന്ധിച്ച് യാതൊരു പരാതിയും ഇതുവരെ നേരിട്ട് തനിക്ക് ലഭിച്ചിട്ടുമില്ല.

ഗ്രൂപ്പിന്റെ പദ്ധതികൾക്ക് 400 കോടിരൂപയുടെ മൂല്യമുണ്ട്. സൗഖ്യചികിത്സാപദ്ധതി നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. വില്ലാ പദ്ധതിയും അവസാനഘട്ടത്തിലെത്തി. പുതിയ പദ്ധതിക്കായി പല നിക്ഷേപകരും മുന്നോട്ടുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഉയർന്നുവരുന്ന ആരോപണങ്ങൾക്ക് പിന്നിൽ പല ദുരുദ്ദേശ്യങ്ങളുണ്ടെന്നും ഷിഹാബ് ഷാ പറഞ്ഞു.

അതേസമയം മുഴുവൻ തുക നൽകിയിട്ടും വില്ല നിർമാണം പൂർത്തിയാക്കുകയോ അവ കൈമാറുകയോ ചെയ്തിട്ടില്ലെന്നും പരാതിക്കാരായ പ്രവാസി നിക്ഷേപകർ ഷാർജയിൽ നടത്തിയ പത്രസമ്മേളനത്തിൽ ആരോപിച്ചു. വില്ല പദ്ധതി വേണ്ടെന്നുവെച്ച് അവിടെ വെൽനസ് പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ്. തവണകളായി പണം നൽകിയവരുണ്ട്. ചിലരുടെ കാര്യത്തിൽ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. അങ്ങിനെയാണ് കോടതിയിൽ ഹർജി ഫയൽചെയ്യുന്നത്. കോടതിയുടെ ഇടക്കാല തീർപ്പ് എത്തിയിട്ടുണ്ട്.

വില്ലകൾ പുറത്താർക്കും കൈമാറ്റംചെയ്യാൻ പാടില്ലെന്നാണ് നിർദേശം. പദ്ധതിയുടെ കാര്യത്തിൽ നിക്ഷേപകർക്ക് നീതി ലഭ്യമാകണം എന്നാണ് തങ്ങളുടെ ആവശ്യമെന്നും നിക്ഷേപകരായ വി.എം. ബൈജു, ലത്തീഫ് അബൂബക്കർ, ടി. രാജൻനമ്പ്യാർ, കെ.എ. ബഷീർ, തോംസൺ കുണ്ടുകുളം എന്നിവർ പറഞ്ഞു.