ഷാർജ: ഷാർജയിൽ ഈ മാസം ഒന്ന് മുതൽ ടാക്സി നിരക്കുകൾക്കൊപ്പം ബസ്‌ചാർജും വർധിപ്പിച്ചതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഷാർജയിൽ നിന്നുള്ള എല്ലാ റൂട്ടുകളിലും നിരക്ക് വർധന ബാധകമാണ്. സ്ഥലവും യാത്രയുടെ ദൈർഘ്യവും സമയവും അനുസരിച്ച് ഒന്നുമുതൽ മൂന്ന് ദിർഹം വരെയാണ് നിരക്ക് കൂടുന്നത്.

ഷാർജയിൽനിന്ന് അൽ ഐനിലേക്കും അബുദാബിയിലേക്കും പോകുന്നവർ ഇനി മുതൽ 33 ദിർഹം നൽകണം. 30 ദിർഹമായിരുന്നു കഴിഞ്ഞമാസം വരെ ഈ റൂട്ടുകളിലെ നിരക്ക്. ഉമ്മൽഖുവൈനിലേക്കുള്ള ചാർജ് 15 ദിർഹത്തിൽ നിന്ന് 17 ആക്കി. റാസൽഖൈമയിലേക്കുള്ളത് 25 ദിർഹത്തിൽനിന്ന് 27 ആയി ഉയർത്തി. ഷാർജയിൽ നിന്ന് അജ്മാനിലേക്കുള്ള ബസ് ചാർജ് ഒരു ദിർഹം വർധിപ്പിച്ച് ആറ് ദിർഹമാക്കി. ഷാർജയ്ക്കുള്ളിൽ യാത്ര ചെയ്തിരുന്നവർ ഇനി മുതൽ എട്ട് ദിർഹം നൽകണം. മുമ്പ്‌ ഇത് ഏഴു ദിർഹമായിരുന്നു. റാഷിദിയയിലേക്ക് 12 ദിർഹം, ദുബായ് വിമാനത്താവളം, അൽ ഖൂസ്, ജബൽ ആളിൽ എന്നിവിടങ്ങളിലേക്ക് 17 ദിർഹം എന്നിങ്ങനെയാണ് മറ്റ് നിരക്കുകൾ.