ദുബായ്: യു.എ.ഇ. എന്ന രാജ്യം പിറവിയെടുക്കുന്നതിന് മുമ്പ് ട്രൂഷ്യൽ ഒമാൻ സ്‌കൗട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ സൈനിക ഉദ്യോഗസ്ഥനായാണ് 1959-ൽ ഡേവിഡ് നീൽഡ് അൽ ഐനിൽ എത്തിയത്. അന്ന് അദ്ദേഹത്തിന് 21 വയസ്സ്. 1971-ൽ സേന തിരിച്ചുപോയെങ്കിലും വൈകാതെ ഡേവിഡ് നീൽ തിരിച്ചെത്തി ഈ രാജ്യത്ത് ജീവിതം തുടർന്നു. ജനിച്ച രാജ്യത്തെ മറന്ന് യു.എ.ഇ യിൽ തന്നെ സ്ഥിരതാമസമാക്കിയ നീൽഡ് ചൊവ്വാഴ്ച റാസൽഖൈമയിൽ 81-ാം വയസ്സിൽ അന്തരിച്ചു.

യു.എ.ഇ. പിറക്കുന്നതിന് മുമ്പ് പ്രദേശങ്ങളുടെ സംരക്ഷണത്തിനായാണ് ട്രൂഷ്യൽ ഒമാൻ സ്കൗട്ട് എന്ന പേരിൽ ബ്രിട്ടീഷ് സൈനികർ ഇവിടെ എത്തിയിരുന്നത്. അൽ ഐനിലെ അൽ ജഹിലി കോട്ടയിലായിരുന്നു അന്ന് നീൽഡ് ഉൾപ്പെട്ട സേനയുടെ ആസ്ഥാനം. ക്യാപ്റ്റൻ റാങ്കിലായിരുന്ന നീൽഡ് പിന്നീട് ലഫ്.കേണലായി ഉയർന്നു. 1971 ഡിസംബർ രണ്ടിന് ഐക്യ അറബ് നാടുകൾ അഥവാ യു.എ.ഇ എന്ന രാജ്യം പിറവിയെടുത്തപ്പോൾ ബ്രിട്ടന്റെ ഈ പാരാമിലിറ്ററി സംഘവും തിരിച്ചുപോയി.

എന്നാൽ അപ്പോഴേക്കും ഈ പ്രദേശവുമായി ഏറെ അടുപ്പത്തിലായ നീൽഡ് വൈകാതെ തിരിച്ചെത്തി. ഷാർജ നാഷണൽ ഗാർഡിന്റെ രൂപവത്കരണത്തിന് നേതൃത്വം നൽകാനായാണ് നീൽഡിനെ അധികാരികൾ ക്ഷണിച്ചുവരുത്തിയത്. ഉദ്യോഗം കഴിഞ്ഞിട്ടും അദ്ദേഹം നാട്ടിലേക്ക് മടങ്ങാതെ യു.എ.ഇ. യിൽ സ്ഥിരതാമസമാക്കി. എൺപത്തിയൊന്നാം വയസ്സിൽ റാസൽഖൈമയിലെ വില്ലയിലായിരുന്നു ചൊവ്വാഴ്ച രാത്രി മരണപ്പെട്ടത്. റാസൽഖൈമയിലെ അൽ ഹംറയിൽ ഭാര്യ ഐലിനൊപ്പമായിരുന്നു താമസം. യു.എ.ഇ. യിൽ ഏറ്റവും കാലം താമസിച്ച വിദേശ സൈനികൻ എന്ന ബഹുമതി കൂടിയുണ്ട് ഡേവിഡ് നീൽഡിന്. ഈ നാട്ടിലെത്തിയ അനുഭവങ്ങളും ഈ മണ്ണിനെക്കുറിച്ചുമെല്ലാമുള്ള അദ്ദേഹത്തിന്റെ ഓർമകൾ ’എ സോൾജിയർ ഇൻ അറേബ്യ’ എന്ന പേരിൽ 2016- ൽ പുസ്തകമായി ഇറങ്ങിയിരുന്നു. അക്കാലത്തെ യു.എ.ഇ യുടെ ഭരണാധികാരികളുമായുള്ള ബന്ധങ്ങളെല്ലാം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. യു.എ.ഇ. യിലെ പ്രധാന ചടങ്ങുകളിലെല്ലാം ക്ഷണിക്കപ്പെടുന്ന വിശിഷ്ടാതിഥി കൂടിയായിരുന്നു നീൽഡ്.

1959- ൽ അൽഐനിൽ നീൽഡ് എത്തുമ്പോൾ അന്ന് ഭരണാധികാരിയുടെ പ്രതിനിധിയായി അവിടെ ഉണ്ടായിരുന്നത് പിന്നീട് യു.എ.ഇ. യുടെ ആദ്യ പ്രസിഡന്റും രാഷ്ട്രപിതാവുമായി ഉയർന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനായിരുന്നു. ശൈഖ് സായിദിന്റെ ഭരണ നൈപുണ്യത്തെയും ജനങ്ങളുമായുള്ള ബന്ധത്തെയും അദ്ദേഹം പലപ്പോഴും അഭിമാനത്തോടെ അനുസ്മരിച്ചിരുന്നു. അക്കാലത്ത് തുറന്ന ലാൻഡ്‌ റോവർ വാഹനത്തിൽ അൽ ജഹീലി കോട്ടയിലെത്തി ചായ കുടിക്കാനും കുശലം പറയാനും ഒപ്പം എത്തിയിരുന്ന ശൈഖ് സായിദിനെ അദ്ദേഹം ചില അഭിമുഖങ്ങളിൽ ഓർത്തെടുത്തിരുന്നു. യു.എ.ഇ യുടെ ഇന്നത്തെ പുരോഗതിക്ക് പിന്നിൽ ശൈഖ് സായിദിന്റെ ദീർഘവീക്ഷണമായിരുന്നുവെന്നും പുസ്തകത്തിൽ നീൽഡ് പറയുന്നുണ്ട്.

Content Highlights: British soldier who loves UAE died here