അബുദാബി : ക്വാറന്റീനിൽ ഇളവ് നൽകുന്ന ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി സാംസ്കാരിക വിനോദസഞ്ചാരവകുപ്പ്. പട്ടികയിൽ ഇത്തവണയും ഇന്ത്യയില്ല. ഓസ്‌ട്രേലിയ, ഭൂട്ടാൻ, ബ്രൂണൈ, ചൈന, ഗ്രീൻലൻഡ്, ഹോങ് കോങ്, ഐസ്‌ലൻഡ്, ഇസ്രയേൽ, മൗറീഷ്യസ്, മൊറോക്കോ, ന്യൂസീലൻഡ്, സൗദി അറേബ്യ, സിങ്കപ്പൂർ, ദക്ഷിണ കൊറിയ എന്നിവയാണ് പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

ഈ രാജ്യങ്ങളിൽനിന്ന് വരുന്ന യാത്രക്കാരെ അബുദാബിയിൽ ഇറങ്ങിയതിനുശേഷമുള്ള നിർബന്ധിത ക്വാറന്റീൻ നടപടികളിൽനിന്ന് ഒഴിവാക്കും. പരിഷ്കരിച്ച ഏറ്റവും പുതിയ പട്ടികയിൽ ഒരു രാജ്യത്തെയും പട്ടികയിൽനിന്ന് നീക്കം ചെയ്തിട്ടില്ല. ഇസ്രയേൽ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ കൂട്ടിച്ചേർക്കുകയും ചെയ്തു. ഓരോ രാജ്യത്തെയും കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി രണ്ടാഴ്ചയിലൊരിക്കലാണ് പട്ടികയിൽ മാറ്റം വരുത്തുന്നത്. നിർബന്ധിത ക്വാറന്റീനിൽ ഇളവ് ലഭിക്കുന്നതിനൊപ്പം യാത്രക്കാർക്ക് മുൻകൂട്ടി കോവിഡ് പരിശോധന നടത്തേണ്ട ആവശ്യവുമില്ല.

ഇവർക്ക് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശോധന നടത്തിയാൽ മതിയെന്ന് വകുപ്പ് അറിയിച്ചു. പരിശോധനാഫലം വരുന്നതുവരെ സ്വയം നിരീക്ഷണത്തിൽ കഴിയണം. നെഗറ്റീവാണെങ്കിൽ ക്വാറന്റീൻ വേണ്ടാ. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് അബുദാബിയിൽ ക്വാറന്റീനുണ്ട്. ഗ്രീൻ ലിസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾക്ക്: www.visitabudhabi.com

ഐ.സി.എ. ഗ്രീൻ സിഗ്‌നൽ ലഭിക്കാതെ നിരവധിപ്പേർ

അബുദാബി : കേരളത്തിൽനിന്ന് അബുദാബിയിലേക്കുള്ള യാത്രയ്ക്ക് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ഫെഡറൽ അതോറിറ്റി (ഐ.സി.എ.) ഗ്രീൻ സിഗ്നൽ ലഭിക്കാതെ യാത്രയുപേക്ഷിക്കേണ്ടി വന്നവർ നിരവധി. മടക്കയാത്രാ ടിക്കറ്റ് ബുക്കുചെയ്യുമ്പോഴും വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോഴും ഗ്രീൻ സിഗ്നൽ ലഭിച്ചവർക്കാണ് ഇമിഗ്രേഷൻ സമയത്ത് റെഡ് സിഗ്നൽ കാണിക്കുന്നതെന്നത് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കി.

യാത്രയ്ക്കൊരുങ്ങുന്ന ഒരു കുടുംബത്തിലെ ഒരാൾക്കുമാത്രം ഗ്രീൻ സിഗ്നൽ ലഭിക്കാത്തതുമൂലം എന്തുചെയ്യണമെന്ന് അറിയാതെ ഇമിഗ്രേഷൻ കൗണ്ടറിൽ നിൽക്കേണ്ടിവന്നവരുമുണ്ട്. കോഴിക്കോട് സ്വദേശിനിയായ നന്ദിതയും ഭർത്താവും കുട്ടിയും വീട്ടിൽനിന്ന് വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെടുംമുമ്പ് പരിശോധിച്ചപ്പോൾ ഐ.സി.എ. ഗ്രീനായിരുന്നു. എന്നാൽ വിമാനത്താവളത്തിലെ പരിശോധനാസമയത്ത് ഭർത്താവിന് ഗ്രീൻ സിഗ്നൽ നഷ്ടമായി.

യു.എ.ഇ.യിലേക്കുള്ള മടങ്ങിവരവ് നീട്ടിയാൽ ജോലിയെ ബാധിക്കുമെന്നതിനാൽ യാത്ര ഉപേക്ഷിക്കാനും പറ്റാത്ത അവസ്ഥയായി. ഒടുവിൽ നന്ദിതയും കുട്ടിയും അബുദാബിയിലേക്ക് വരികയും ഭർത്താവ് മറ്റുവഴികളില്ലാത്തതിനാൽ 10,000 രൂപയോളം ചെലവഴിച്ച് ഷാർജ വിമാനത്തിൽ ടിക്കറ്റ് ബുക്കുചെയ്ത് വരികയുമായിരുന്നു. ഗ്രീൻ സിഗ്നൽ ഇല്ലാത്തതിനാൽ യാത്രയുപേക്ഷിച്ചവർ കൂടുതലായതിനാൽ അബുദാബി വിമാനത്തിൽ 30 പേർ മാത്രമാണുണ്ടായതെന്നും നന്ദിത പറഞ്ഞു. നാട്ടിൽനിന്നുള്ള മടങ്ങിവരവ് നീണ്ടുപോയേക്കുമോയെന്ന ആശങ്കയിൽ അവധിയെടുക്കാതെ യു.എ.ഇ.യിൽതന്നെ തുടരുന്നവരും നിരവധിയാണ്.

Content Highlights: Breaking: Abu Dhabi updates 'green list' of destinations