ഷാർജ: മാതൃഭൂമി ഡോട്ട് കോമിന്റെ കേരള പ്രോപ്പർട്ടി എക്സ്‌പോയുടെ തിരക്കിനിടയിൽ അപ്രതീക്ഷിതമായൊരു പിറന്നാൾ ആഘോഷവും.

ശനിയാഴ്ച പിറന്നാൾ ആഘോഷിക്കുകയായിരുന്ന ഷാർജ രാജകുടുംബാംഗവും ഷാർജ ഔഖാഫ് മേധാവിയുമായ ശൈഖ് അബ്ദുള്ള മൊഹമ്മദ് ഖാലിദ് അഹമദ് അൽ ഖാസിമിയായിരുന്നു എക്സ്‌പോയുടെ സമാപനച്ചടങ്ങിലെ മുഖ്യാതിഥി. കേരളത്തിലെ ബിൽഡർമാരെയും സദസ്സിനെയും അഭിസംബോധന ചെയ്ത ശേഷമായിരുന്നു മാതൃഭൂമി പിറന്നാൾ ആഘോഷം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ പേര് ആലേഖനം ചെയ്ത കേക്കുമുറിച്ച് അദ്ദേഹം മാതൃഭൂമി ഒരുക്കിയ പിറന്നാൾ ആഘോഷത്തിൽ പങ്കുകൊണ്ടു.

അമ്മാവൻ ആറുമാസം മാത്രം യു.എ.ഇ. യിൽ താമസിക്കുകയും ആറുമാസം കേരളത്തിലേക്ക് താമസം മാറ്റുകയും ചെയ്ത അനുഭവവും തുടർന്ന് അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. കേരളവും യു.എ.ഇ.യും തമ്മിലുള്ള വൈകാരികമായ ബന്ധം ഓർമിച്ച അദ്ദേഹം കേരളത്തിൽ സ്വന്തമായി ഒരു വീട് വാങ്ങാനുള്ള ആഗ്രഹവും പങ്കുവെച്ചു. കേരളവും മലയാളികളുമായുള്ള ബന്ധം ഏറെ കരുത്താർജിച്ചിട്ടുണ്ടെന്നും അതിന്റെ തെളിവാണ് ഷാർജയിലെ കേരള പ്രോപ്പർട്ടി എക്സ്‌പോയുടെ വലിയ വിജയമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Birthday celebration, kerala property expo 2019