അബുദാബി: മലേഷ്യയിൽനിന്ന് യു.എ.ഇയിലേക്ക് ജീവനുള്ള പക്ഷികളെ കൊണ്ടുവരുന്നതിന് യു.എ.ഇ. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം വിലക്കേർപ്പെടുത്തി.

കിഴക്കൻ മലേഷ്യയിലെ സബാഹ്, സാറാവാക് എന്നീ സ്റ്റേറ്റുകളിൽ നിന്നുള്ള പക്ഷികളുടെ ഇറക്കുമതിക്കാണ് വിലക്കേർപ്പടുത്തിയത്. കിഴക്കൻ മലേഷ്യയിലെ ഫാമുകളിൽനിന്നുള്ള പക്ഷിവർഗങ്ങളിൽ ‘എച്ച് 5 എൻ 1 പക്ഷിപ്പനി കണ്ടെത്തിയതായി ലോക മൃഗാരോഗ്യസംഘടന അറിയിയിച്ചതിനെത്തുടർന്നാണ് ഈ നടപടി. ജീവനുള്ള പക്ഷിവർഗങ്ങൾ, അലങ്കാരപ്പക്ഷികൾ, ഇവയുടെ മുട്ടകൾ, കോഴി, താറാവ് എന്നിവയുടെ മാംസം എന്നിവയ്ക്കെല്ലാം താത്‌കാലികമായി വിലക്കുണ്ട്. എന്നാൽ തെർമൽ സംസ്കരണ രീതിയിൽ ഉത്പാദിപ്പിച്ച മാംസത്തിനും മുട്ടയ്ക്കും വിലക്കില്ല.

യു.എ.ഇ. ഭക്ഷ്യമേഖലയ്ക്ക് പൂർണസുരക്ഷിതത്വം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടോടെയാണ് നടപടികൾ അതിവേഗം കൈക്കൊണ്ടിട്ടുള്ളതെന്ന് മന്ത്രാലയം ഭക്ഷ്യവൈവിധ്യ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ശൈഖ് മാജിദ് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. യു.എ.ഇയിലേക്ക് എത്തുന്ന ഉത്പന്നങ്ങൾ സൂക്ഷ്മമായ പരിശോധനകൾക്ക് ശേഷമാണ് വിപണികളിലേക്ക് വരുന്നതെന്നും ഖാസിമി പറഞ്ഞു.