ദുബായ് : തിരിച്ചറിയൽ രേഖകളില്ലാതെ ബയോമെട്രിക് അതിവേഗ യാത്രാസംവിധാനത്തിലൂടെ യാത്രാനടപടികൾ പൂർത്തിയാക്കുന്ന നടപടി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടങ്ങി. പാസ്‌പോർട്ടോ, എമിറേറ്റ്‌സ് ഐ.ഡി.യോ ഉപയോഗപ്പെടുത്തിയാണ് ഇതുവരെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയതെങ്കിൽ ഇനിമുതൽ ടിക്കറ്റ് ചെക്കിങ് കൗണ്ടർമുതൽ വിമാനത്തിലേക്ക് കയറുന്നതുവരെ മുഖംമാത്രം കാണിച്ചാൽ മതിയാകും.
നിർമിതബുദ്ധിയുടെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞ് നടപടി പൂർത്തിയാക്കുന്ന ബയോമെട്രിക് അതിവേഗസംവിധാനമാണിത്. പാസ്‌പോർട്ട് മാത്രമല്ല ബോഡിങ് പാസ് വരെ ഈ നടപടിക്ക് ആവിശ്യമില്ല. എല്ലാ മുഖങ്ങളും തിരിച്ചറിയാനുള്ള സോഫ്റ്റ്‌വേർ അതാത്‌സമയത്ത് വേണ്ടതുചെയ്യും. അഞ്ചുമുതൽ ഒമ്പത് സെക്കൻഡിനുള്ളിൽ യാത്രാനടപടി പൂർത്തിയാവുകയുംചെയ്യും.
കഴിഞ്ഞ ദിവസം ജി.ഡി.ആർ.എഫ്.എ. മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽമർറി ബയോമെട്രിക് സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഇരട്ടകളെപ്പോലും തിരിച്ചറിയാനാവുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് ഇവിടെ നടപ്പാക്കുന്നത്. വിമാന ടിക്കറ്റ് ചെക്കിങ് കൗണ്ടറിന് മുന്നിൽ സ്ഥാപിച്ച ക്യാമറയിൽ നോക്കുക എന്നതാണ് ഇതിലെ ആദ്യഘട്ടം. തുടർന്ന് ഇമിഗ്രേഷൻ നടപടിക്കുള്ള ഗേറ്റിൽ സ്ഥാപിച്ച ക്യാമറയിൽ മുഖംകാണിച്ചാൽ സിസ്റ്റത്തിലുള്ള മുഖവും കണ്ണും യാത്രക്കാരന്റേതാണെന്ന് ഉറപ്പുവരുത്തുകയും അടുത്ത ഘട്ടത്തിലേക്കുള്ള ഗേറ്റുകൾ ഓരോന്നായി തുറക്കപ്പെടുകയും ചെയ്യും. എന്നാൽ സംവിധാനം ഉപയോഗപ്പെടുത്തുന്നവർ ആദ്യതവണ അവരുടെ പാസ്‌പോർട്ട് വിവരങ്ങൾ രജിസ്റ്റർചെയ്തിരിക്കണം. മുഖം സിസ്റ്റത്തിലേക്ക് പകർത്തുകയും വേണം. തുടർയാത്രകൾക്ക് രജിസ്‌ട്രേഷൻ ആവശ്യമില്ല.
ബയോമെട്രിക് സംവിധാനത്തിൽ പാസ്‌പോർട്ട് ആവശ്യമില്ലെങ്കിലും യാത്രക്കാർ എല്ലാരേഖകളും കൈവശം കരുതണമെന്ന് അധികൃതർ ഓർമിപ്പിച്ചു. ആദ്യഘട്ടത്തിൽ എമിറേറ്റ്‌സ് വിമാനത്തിന്റെ ബിസിനസ്, ഫാസ്റ്റ്ക്ലാസ് യാത്രക്കാർക്കാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. 17 വയസ്സിനു മുകളിലുള്ള യാത്രക്കാർക്ക് ബയോമെട്രിക് പാതയിൽ രജിസ്റ്റർ ചെയ്യാം.
ടൂറിസ്റ്റുകൾ വർധിച്ചു
:നിയന്ത്രണങ്ങൾക്കുശേഷം എമിറേറ്റ് വിനോദസഞ്ചാരികൾക്കായി വീണ്ടും തുറന്നപ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായതായി ജി.ഡി.ആർ.എഫ്.എ.യിലെ ബ്രിഗേഡിയർ തലാൽ അഹ്മദ് അൽ ഷാൻകിറ്റി പറഞ്ഞു. പരീക്ഷണഘട്ടത്തിന്റെ ഭാഗമായി മുൻപ് സ്ഥാപിച്ച ബയോമെട്രിക് സംവിധാനത്തിലുടെ പ്രതിദിനം 3000-ത്തോളം യാത്രക്കാരുണ്ട്. തടസ്സമില്ലാത്ത യാത്രയ്ക്കായി സ്മാർട്ട് ഗേറ്റുകൾ പരിഷ്‌കരിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ ബയോമെട്രിക് പാത സുരക്ഷിതമായ യാത്രാനടപടിയാണ് പ്രാധാനം ചെയ്യുന്നത്.
Content Highlights: biometric system in dubai airport