ദുബായ്: ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വത്തിനു പൂര്‍ണ്ണ വിരാമമിട്ടുകൊണ്ട് ബെക്‌സ് കൃഷ്ണന്‍ വീടണയുമ്പോള്‍ മനസ്സ് നിറയുന്നത് വ്യവസായിയായ എംഎ യൂസഫലിക്ക് കൂടിയാണ്. ബെക്‌സ് കൃഷ്ണന്റെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് അറുതി വരുമ്പോള്‍ മനുഷ്യസ്‌നേഹമാണ് ഏറ്റവും വലിയ മൂല്യമെന്ന് പറഞ്ഞുവെക്കുകയാണ് യൂസഫലി. 

കൊച്ചിയില്‍ നടന്ന ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷമാണ് ബെക്‌സ് കൃഷ്ണനെ സഹായിക്കാന്‍ തയ്യാറായതെന്ന പ്രചാരണങ്ങളെ എംഎ യൂസഫലി തള്ളിക്കളഞ്ഞു. അപകടത്തിന് ശേഷമല്ല, എത്രയോ മാസങ്ങള്‍ക്ക് മുന്‍പ് ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ ജനുവരി 4നാണ് കോടതിയില്‍ 500000 ദിര്‍ഹം കെട്ടിവെച്ചത്. അതിന്റെ റെസീപ്റ്റ് പോലും കൈയിലുണ്ട്. ഒരു പേരിന് വേണ്ടിയല്ല താന്‍ സഹായം ചെയ്തത്. പേരിന് വേണ്ടിയായിരുന്നെങ്കില്‍ ജനുവരിയില്‍ തന്നെ ഇക്കാര്യം പുറത്തുവിടേണ്ടതാണല്ലോ എന്നും യൂസുഫലി പറഞ്ഞു. 

'അദ്ദേഹം ഒരു ജീവനാണ്. അവര്‍ക്ക് ഒരു കുടുംബമാണ്. പണമല്ല വലുത്, ചിലപ്പോള്‍ പണം കൊടുത്താലും ജീവന്‍ തിരികെ കിട്ടിയില്ലെന്ന് വരാം. ദിയാധനം കെട്ടിവെച്ചാല്‍ അദ്ദേഹത്തിന് രക്ഷപ്പെടാന്‍ കഴിയുമെന്ന സാധ്യത ഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. മനുഷ്യന്‍ മനുഷ്യനെയാണല്ലോ സ്‌നേഹിക്കേണ്ടത്, മനുഷ്യന്‍ മനുഷ്യനാണല്ലോ ഉപകാരം ചെയ്യേണ്ടത്. ആ നിലയ്ക്കാണ് പണം കൊടുത്തുവിട്ടത്. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ സമയമെടുത്തുവെന്നേ ഉള്ളൂ'എന്നും അദ്ദേഹം വിശദീകരിച്ചു. 

യൂസഫലിയുടെ സഹായത്തില്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട് തൃശൂര്‍ സ്വദേശിയായ ബെക്‌സ് കൃഷ്ണന്‍ കഴിഞ്ഞ ദിവസമാണ് നാടണഞ്ഞത്. ചൊവ്വാഴ്ച രാത്രി 8.20 ന് അബുദാബിയില്‍ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചെ 1.45 ന് കൊച്ചിയിലെത്തിയ ഇത്തിഹാദ് വിമാനത്തിലാണ് ബെക്സ് ജനിച്ച മണ്ണിലേക്ക് മടങ്ങിയെത്തിയത്.മകന്‍ അദ്വൈതും ഭാര്യ വീണയും വിമാനത്താവളത്തില്‍ കൃഷ്ണനെ സ്വീകരിക്കാനെത്തിയിരുന്നു. 

വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച് നില്‍ക്കെയാണ് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ബെക്സ് കൃഷ്ണന് രക്ഷകനായി എത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്‌സ് കൃഷ്ണന്റെ(45) വധശിക്ഷ യൂസഫലിയുടെ ഇടപെടലില്‍ ഒഴിവായത്. അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി (blood money) 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി വഴി സാധ്യമായത്.

2012 സെപ്തംബര്‍ 7-നായിരുന്നു അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബെക്‌സിന്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തില്‍ സുഡാന്‍ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പോലീസ് ബെക്‌സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യു.എ.ഇ. സുപ്രീം കോടതി 2013-ല്‍ ബെക്‌സിനെ വധശിക്ഷക്ക് വിധിച്ചത്.

അബുദാബി അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ബെക്‌സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങള്‍ ഒന്നും ഫലവത്താകാതെ സര്‍വ്വപ്രതീക്ഷകളും തകര്‍ന്ന സമയത്താണ് ബന്ധു സേതു വഴി എം.എ.യൂസഫലിയോട് മോചനത്തിനായി ഇടപെടാന്‍ കുടുംബം അഭ്യര്‍ത്ഥിച്ചത്. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചര്‍ച്ചകള്‍ നടത്തുകയും കാര്യങ്ങള്‍ പറഞ്ഞ് അവരെ ബോധ്യപ്പെടുത്താനായതുമാണ് മോചനത്തിലേക്കുള്ള വഴി തെളിഞ്ഞത്. ഒരവസരത്തില്‍ ഇതിനായി സുഡാനില്‍ നിന്നും കുടുംബാംഗങ്ങളെ അബുദാബിയില്‍ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.

വര്‍ഷങ്ങള്‍ നീണ്ട നിരന്തര ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കു ശേഷം മാപ്പ് നല്‍കാമെന്ന് ബാലന്റെ കുടുംബം കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബെക്‌സിന്റെ കാരഗ്രഹ വാസത്തിന് വിരാമമാകുന്നത്. നഷ്ടപരിഹാരമായി കോടതി 5 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടപ്പോള്‍ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരിയില്‍ കോടതിയില്‍ കെട്ടിവെക്കുകയാണുണ്ടായത്.