ദുബായ്: പതിറ്റാണ്ടുകൾ നീണ്ട അയോധ്യാ കേസിലെ തർക്കങ്ങൾക്കും നിയമവ്യവഹാരങ്ങൾക്കും സുപ്രീംകോടതിവിധിയിലൂടെ പരിഹാരമാവുമ്പോൾ സമചിത്തതയോടെ നോക്കിക്കാണുകയാണ് ഗൾഫിലെ ഇന്ത്യൻസമൂഹം. സാമുദായിക ഭേദങ്ങളില്ലാതെ കഴിയുന്ന പ്രവാസികൾക്കിത് സ്വന്തം രാജ്യത്ത് ദീർഘകാലമായി നീണ്ടുപോയിരുന്ന ഒരു തർക്കത്തിന്റെ പരിസമാപ്തി മാത്രമാണ്. അതിജീവനത്തിന്റെ വഴികൾതേടി മണലാരണ്യത്തിൽ എത്തിയവർക്കിടയിൽ മതത്തിന്റെയോ ജാതിയുടെയോ വേലികളില്ല. എവിടെയും അവർ ഇന്ത്യക്കാർ മാത്രമാണ്. ഇരുമതസ്ഥരും സഹജീവികളും സുഹൃത്തുക്കളുമാണ്. അതുകൊണ്ടുതന്നെ സന്തോഷവും ആശ്വാസവും പകരുന്ന വിധിയെ സ്വാഗതം ചെയ്യുന്നു പ്രവാസികൾ.

സുപ്രീംകോടതിവിധി വരുമ്പോൾ ഇന്ത്യയിൽ എല്ലാ മതനേതാക്കളും ഐക്യത്തോടെയുള്ള സമീപനത്തിന് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, ഈ ഐക്യം കാലങ്ങളായി കാത്തുസൂക്ഷിക്കുന്നവരാണ് പ്രവാസികൾ. സാമൂഹികമാധ്യമങ്ങളിൽപ്പോലും വിദ്വേഷമുണ്ടാക്കുന്ന ഒന്നും വിധിക്ക് മുൻപോ പിൻപോ വരില്ലെന്ന് ഉറപ്പാക്കിക്കൊണ്ടായിരുന്നു പ്രവാസലോകം ഐക്യവും പരസ്പരസ്നേഹവും സാഹോദര്യവും മുറുകെപ്പിടിച്ചത്.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് പരമോന്നത നീതിപീഠത്തിന്റെ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദുബായ് ഇൻകാസ് പ്രസിഡന്റ് നദീർ കാപ്പാട് പറഞ്ഞു. മതസ്പർധ വളർത്താതെ ഒറ്റക്കെട്ടായിവേണം മുന്നോട്ട് പോകാൻ. ആരാധനാലയങ്ങളെച്ചൊല്ലി കലഹിക്കാതെ രാജ്യത്തെ മറ്റുപ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്നും നദീർ കാപ്പാട് വ്യക്തമാക്കി. ഇരുകൂട്ടർക്കും ഏറെ പ്രയോജനപ്പെടുന്ന വിധിയാണിതെന്നും വിധിയെ സ്വാഗതം ചെയ്യുന്നതായും ദുബായ് കെ.എം.സി.സി. പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ പ്രതികരിച്ചു. ചരിത്രപരമായ വിധിയാണിതെന്ന് ഇന്ത്യൻ പീപ്പിൾസ് ഫോറം ദുബായ് പ്രസിഡന്റ് രമേഷ് മന്നത് അഭിപ്രായപ്പെട്ടു. ഈ വിധിയോടെ നിയമവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതിന് സഹായകരമായെന്നും രമേഷ് മന്നത് പറഞ്ഞു.

വിധി സമാധാനം തരുന്നതെന്ന് അബ്ദുള്ളക്കുട്ടി

ഷാർജ: അയോധ്യാ വിധി എല്ലാ മതവിഭാഗങ്ങൾക്കും സമാധാനം തരുന്നതാണെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി അഭിപ്രായപ്പെട്ടു. അയോധ്യ രാമക്ഷേത്രത്തിനുള്ളതാണെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നു. മസ്ജിദ് നിർമാണത്തിന് അഞ്ചേക്കർ ഭൂമി അനുവദിക്കുകയും ചെയ്തു. ഐക്യത്തോടെ മുന്നോട്ടുപോകാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും അബ്ദുല്ലക്കുട്ടി ഷാർജയിൽ പറഞ്ഞു.