ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്‌റ്റിവലിന്റെ ഭാഗമായി ദുബായ് ഗോൾഡ് ആൻഡ് ജൂവലറി ഗ്രൂപ്പ് സംഘടിപ്പിച്ച സമ്മാനപദ്ധതി വലിയ പ്രതികരണത്തോടെ സമാപിച്ച സന്തോഷത്തിലാണ് സംഘാടകർ. ഗ്രൂപ്പിലെ അംഗങ്ങളായ ജൂവലറി ഗ്രൂപ്പിന്റെ ഷോറൂമുകളിൽനിന്നായി ഈ ദിവസങ്ങളിൽ ആഭരണങ്ങൾ വാങ്ങിയവരിൽനിന്ന് നറുക്കെടുപ്പിലൂടെ ജേതാക്കളായ 200 പേർക്കായി 40 ലക്ഷം ദിർഹത്തിന്റെ സ്വർണനാണയങ്ങളാണ് സമ്മാനമായി നൽകിയത്. അഞ്ച് ആഴ്ച നീണ്ട പ്രമോഷൻകാലത്ത് യു.എ.ഇ യിലെ താമസക്കാരും സന്ദർശകരുമെല്ലാം സ്വർണം വാങ്ങാൻ ഏറെ താത്‌പര്യം കാണിച്ചതായാണ് കണക്കുകൾ പറയുന്നതെന്ന് സംഘാടകർ വിശദീകരിക്കുന്നു.

പതിവ് പോലെ 22 കാരറ്റിന്റെ സ്വർണാഭരണങ്ങൾക്കും വജ്രാഭരണങ്ങൾക്കുമാണ് കൂടുതൽ ഡിമാൻഡ്‌ ഇത്തവണയും കണ്ടത്. ഏഷ്യക്കാരായിരുന്നു ഇക്കാര്യത്തിൽ മുന്നിൽ. അതേസമയം യൂറോപ്യൻ നാടുകളിൽനിന്നുള്ളവർക്ക് പ്രിയം 18 കാരറ്റിന്റെ സ്വർണാഭരണങ്ങളായിരുന്നു. 18 കാരറ്റിൽ തീർത്ത പുത്തൻ ഡിസൈനുകളിലായിരുന്നു അവർക്ക് കമ്പം. എല്ലാ വ്യാപാരികൾക്കും പതിവിൽനിന്ന് പത്തുമുതൽ 15 ശതമാനംവരെ വിൽപ്പന ഈ കാലയളവിൽ കൂടി എന്നും കണക്കുകൾ പറയുന്നു.

ഡി.എസ്.എഫിന്റെ 25-ാം വർഷത്തിൽ മികച്ചനിലയിലുള്ള പ്രകടനം നടത്താനായെന്ന് ദുബായ് ഗോൾഡ് ആൻഡ്‌ ജൂവലറി ഗ്രൂപ്പ് ചെയർമാൻ തൗഹീദ് അബ്ദുള്ള പ്രതികരിച്ചു. ഏഷ്യ, യൂറോപ്പ്, അറബ് നാടുകൾ എന്നിവിടങ്ങളിൽനിന്ന് ഇത്തവണ ധാരാളം സഞ്ചാരികൾ എത്തുകയും സ്വർണാഭരണങ്ങൾ വാങ്ങുകയും ചെയ്തത് വലിയ പ്രോത്സാഹനമായാണ് കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlights:  Asians prefer 22 carats of gold and Westerners 18 carats