ഷാർജ: അകാലത്തിൽ വിട്ടുപോയ അഷിതയുടെ എഴുത്തുകൾ മനോഹരവും ഭാവസാന്ദ്രവുമായിരുന്നുവെന്ന് എഴുത്തുകാരി ചന്ദ്രമതി പറഞ്ഞു. ഷാർജ യുവകലാസാഹിതിയുടെ വനിതാവേദി ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച അഷിത സ്മരണാഞ്ജലിയിൽ സംസാരിക്കുകയായിരുന്നു അവർ.

എഴുപതുകളിൽ സജീവമായി എഴുതിയിരുന്ന പെൺതൂലികകൾ പലതും നിശബ്ദമായ പോലെ അഷിതയും ഇടയ്ക്ക് എഴുത്തിൽനിന്നും വിട്ടുനിന്നതിൽ വേദന തോന്നിയിരുന്നു. 18 വർഷം പല കാരണത്താൽ എഴുത്തിൽനിന്ന്‌ തനിക്കും മാറിനിൽക്കേണ്ടിവന്നുവെന്ന് ചന്ദ്രമതി ഓർമിച്ചു. സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാടുകൾ പല എഴുത്തുകാരികളേയും മാനസികമായി തളർത്തിയിട്ടുണ്ട്. പുരുഷൻ പ്രണയത്തെക്കുറിച്ച് എഴുതിയാൽ അത് അയാളുടെ തൊപ്പിയിലെ തൂവലാവുകയും സ്ത്രീകളുടേത് അവളെ കുരിശിലേറ്റാൻ കാരണമാവുകയും ചെയ്യുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇത്തരം യാഥാസ്ഥിതിക സമൂഹത്തിന്റെ ഇടയിലാണ് അഷിതയും എഴുതിക്കൊണ്ടിരുന്നതെന്നും ചന്ദ്രമതി പറഞ്ഞു. തനിക്ക് വ്യക്തപരമായ നഷ്ടമാണ് അഷിതയുടെ അകാല വേർപാട്. ഇന്നത്തെപ്പോലെ സാമൂഹിക മാധ്യമങ്ങളൊന്നുമില്ലാത്ത കാലത്താണ് കത്തെഴുത്തിലൂടെ താനും അഷിതയും സ്നേഹം പങ്കുവെച്ചതെന്ന് ചന്ദ്രമതി ഓർമിച്ചു. സിബി ബൈജു അധ്യക്ഷത വഹിച്ചു. സർഗറോയ്, ഇ.പി. ജോൺസൺ, സലിം അയ്യനേത്ത്, സന്ധ്യ എന്നിവർ പ്രസംഗിച്ചു. സ്മിത ജഗദീഷ് സ്വാഗതം പറഞ്ഞു.

Content Highlights: Ashitha Memmorial Speech in Sharjah