ദുബായ്: യെമനില്‍ സപ്തംബര്‍ നാലിന് ഹൂതി ആക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം 52 ആയി. യു.എ.ഇ. സായുധസേനയാണ് ഇക്കാര്യം അറിയിച്ചത്. 46 സൈനികര്‍ മരിച്ചതായാണ് നേരത്തേ ലഭിച്ചിരുന്ന വിവരം. മരിച്ച മുഴുവന്‍ സൈനികരുടെയും മൃതദേഹങ്ങള്‍ യു.എ.ഇ.യിലെത്തിച്ചതായും സായുധസേന അറിയിച്ചു. സൗദിയില്‍ ഫൊറന്‍സിക് പരിശോധനയിലൂടെ തിരിച്ചറിഞ്ഞശേഷമാണ് മൃതദേഹങ്ങള്‍ രാജ്യത്തെത്തിച്ചത്. അബുദാബി അല്‍ ബത്തീന്‍ വിമാനത്താവളത്തില്‍ പ്രത്യേക സൈനിക ചടങ്ങുകളോടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
നാലിന് വെള്ളിയാഴ്ച പുലര്‍ച്ചെ ഗള്‍ഫ് സഖ്യസേനയുടെ ആയുധഡിപ്പോയ്ക്ക് നേരേനടന്ന മിസൈലാക്രമണത്തില്‍ 22 യു.എ.ഇ. സൈനികര്‍ മരിച്ചുവെന്നായിരുന്നു പ്രാഥമികവിവരം. തുടര്‍ന്ന്, പരിക്കേറ്റ 23 പേര്‍കൂടി മരിച്ചതായി രാത്രിയോടെ സ്ഥിരീകരിക്കപ്പെട്ടു. രണ്ടുദിവസങ്ങള്‍ക്കകം ഒരാള്‍കൂടി മരിച്ചതായും സായുധസേനാ ജനറല്‍ കമാന്‍ഡന്റ് സ്ഥിരീകരിച്ചു. ആക്രമണത്തില്‍ യെമന്‍, സൗദി, ബഹ്‌റൈന്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ സൈനികര്‍ അബുദാബിയിലെ വിവിധ ആസ്പത്രികളില്‍ ചികിത്സയിലുണ്ട്. സായിദ് മിലിട്ടറി ഹോസ്പിറ്റല്‍, മഫ്‌റഖ് ആസ്പത്രി എന്നിവിടങ്ങളിലാണ് ഏറെപേരെയും പ്രവേശിപ്പിച്ചിരിക്കുന്നത്.
'ഓപ്പറേഷന്‍ റീസ്‌റ്റോര്‍ ഹോപ്പ്' സൈനികനീക്കത്തിനിടെ യു.എ.ഇ.ക്ക് നഷ്ടപ്പെട്ട സൈനികരുടെ എണ്ണം 58 ആയി. അപകടത്തിലും ഹൂതി ആക്രമണത്തിലുമായാണ് ഇത്രയുംപേര്‍ മരിച്ചത്. മാര്‍ച്ചിലാണ് സൗദിയുടെ നേതൃത്വത്തില്‍ ഗള്‍ഫ് സഖ്യസേന രൂപവത്കരിച്ച് ഹൂതികള്‍ക്കെതിരെ ആക്രമണം തുടങ്ങിയത്.