ശ്രീരാമൻ ധർമപത്നിയായ സീതാദേവിയുടെ നിർബന്ധത്തിനു വഴങ്ങി മാനിനെ പിടിച്ചുകൊണ്ടുവരാൻ പോകുന്നതും മറ്റും കാണുമ്പോൾ ഇത്‌ സാധാരണ മനുഷ്യരുടെ ഒരു രീതിയല്ലേ എന്നു ശങ്കിച്ചുപോകാൻ ഇടയുണ്ട്‌. ഇത്തരത്തിലുള്ള മുഹൂർത്തങ്ങളിൽ ഏറ്റവും പ്രധാനം സാക്ഷാൽ ശ്രീരാമചന്ദ്രൻ സീതാവിരഹത്താൽ (ദുഃഖിതനായി) സീതയെ തേടി കാട്ടിലൂടെ കരഞ്ഞു നടക്കുന്നതാണ്‌. ഇത്തരം രംഗങ്ങളെ ധനാത്മകമായ ധ്രുവത്തിലാവണം എടുക്കേണ്ടത്‌. സർവശക്തനായ ഭഗവാൻ മനുഷ്യരൂപമെടുത്ത്‌ പെരുമാറുകയും അതുവഴി ഏതൊരു മനുഷ്യനും മാതൃകയാക്കാവുന്ന ഒരു പെരുവഴിയെ രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു എന്നതാണിത്‌. ലോകത്തിനുമുമ്പിൽ പ്രതിഷ്ഠിക്കാൻ പറ്റിയ ഉത്തമവ്യക്തിത്വമേതാണ്‌ എന്ന വാല്‌മീകി മഹർഷിയുടെ ചോദ്യത്തിന്‌ ഉത്തരമായി നാരദൻ നിർദേശിച്ചത്‌ ശ്രീരാമനെന്ന അവതാരപുരുഷനെയാണ്‌.

ജഡായു എന്ന പക്ഷി ശ്രീരാമനെ ആരാധനാഭാവത്തോടെ കീർത്തിക്കുന്ന ‘ജഡായുസ്തുതി’ രാമായണത്തിലെ അതിമനോഹരമായ ഒരു ഭാഗത്തെയാണ്‌ നിർമിച്ചുനൽകുന്നത്‌. മനുഷ്യനും ജന്തുജാലങ്ങളും സസ്യജാലങ്ങളും ഏകീഭവിച്ച്‌ ഒന്നാകുന്ന ഈ മനോഹാരിത രാമായണമെന്ന ഇതിവൃത്തത്തിൽ ഊഷ്മളമാകുന്നു. മറ്റൊരു ഏകീഭാവം കാണുന്നത്‌ ജീവജാലങ്ങൾക്കിടയിലെ ഭേദങ്ങളെയെല്ലാം ഉല്ലംഘിക്കുന്നതിലാണ്‌. ഈ ഏകത്വം മെനയപ്പെടുന്നത്‌ സാധാരണ നമ്മുടെ പരിഗണനയിൽപ്പോലും പെടാത്ത പക്ഷികളിൽപ്പെട്ട ജഡായുവിനും ക്രൂരതയുടെയും താമസികതയുടെയും പര്യായമായി മനസ്സിൽ കടന്നുവരാറുള്ള രാക്ഷസന്മാർക്കും കേവലം കാട്ടിൽ ജനിച്ചുവളർന്ന സ്ത്രീയായ ശബരിക്കുമൊക്കെ ഒരു സമത്വസ്ഥാനത്തെ ഒരുക്കിനൽകുന്നതിലൂടെയാണ്. ഈ ഔന്നത്യത്തിലേക്കുയരാൻ ശബരി ചെയ്തിരുന്ന ഒരേയൊരു കാര്യം നിഷ്കളങ്കതയോടുകൂടി, സമർപ്പണത്തോടുകൂടി ശ്രീരാമപാദത്തെ പ്രാണനായിക്കരുതി ഉപാസിച്ചു എന്നതുമാത്രമാണ്‌.

കാടിന്റെ മകളായ, അതും സ്ത്രീയായ ശബരിക്ക്‌ ശ്രീരാമനിലൂടെ വന്നുചേരുന്ന മഹാസുകൃതം, ജാതി-വർഗ-ഭേദമെന്യേ ഏവർക്കും കടന്നുവരാവുന്ന സായുജ്യകവാടത്തെ മലർക്കെ തുറന്നുവെക്കുന്നു. ശബരിയിലെ ആഴമേറിയ ഭക്തിയുടെ ഈ തലം വിശദീകരിക്കുമ്പോൾ രാമമന്ത്രത്തിന്റെ വിവരണാതീതമായ മാഹാത്മ്യത്തെക്കൂടി കണക്കിലെടുക്കേണ്ടതായിട്ടുണ്ട്‌. രാമായണമെന്ന കൃതിതന്നെ വാല്‌മീകി രചിച്ചതിനു പിന്നിൽ ‘രാമമന്ത്രത്തിന്റെ മാഹാത്മ്യം’ വെളിപ്പെടുത്തി മാനവരാശിയെ ധന്യമാക്കുക എന്ന ഉദ്ദേശ്യമായിരുന്നു. രത്നാകരനെന്ന ഒരു അവികസിതവ്യക്തിയെ വാല്‌മീകിയെന്ന ഔന്നത്യത്തിലേക്ക്‌ നയിച്ചുകൊണ്ടുപോയത്‌ രാമമന്ത്രത്തിന്റെ ശക്തിയല്ലാതെ മറ്റൊന്നുമല്ല.