ഒരു തപസ്വിയെപ്പോലെ രാമന്റെ പാദപദ്മങ്ങളിൽ മനസ്സർപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ഒരു രാക്ഷസ പ്രവരനായിരുന്നു മാരീചൻ. രാക്ഷസനായി പിറന്നിട്ടും രാക്ഷസീയഗുണങ്ങളെ അതിജീവിക്കാൻ പോരാടിക്കൊണ്ടിരുന്ന ഒരു സാധകജീവിതമായിരുന്നു മാരീചന്റേത്. മനസ്സിനെ നിയന്ത്രിക്കാനുള്ള ഈ ശ്രമം വളരെ കാഠിന്യമേറിയതും ദുരിതപൂർണവുമെന്ന്‌ ഉപനിഷത്തുതന്നെ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട് (ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ... കഠോപനിഷത്ത്). സത്സംഗം, സ്വാധ്യായം, ജപം ഇവ നിരന്തരമായി നടത്തിയില്ലെങ്കിൽ മനസ്സ് പഴയവഴിയിലേക്കു ചേക്കാറാനിടവരും. ഇവിടെ ഒഴിവാക്കേണ്ട ഒരു പ്രധാനകാര്യമാണ് ദുസ്സംഗം.

ഒരുതരത്തിലും പിടികൊടുക്കാതെ കുതറിപ്പായുന്ന മനസ്സിന്റെ സ്വഭാവത്തിനു വളംവെച്ചു കൊടുക്കുന്ന പോലെയാണ് ദുസ്സംഗം. ആരണ്യകാണ്ഡത്തിൽ മാരീചനു കിട്ടുന്ന രാവണസംഗമാണ് ഇവിടത്തെ പ്രമേയം. സീതാദേവിയെ മോഷ്ടിക്കാനുള്ള ശ്രമങ്ങൾക്കായി രാവണൻ മാരീചനോടു സഹായം തേടിയപ്പോൾത്തന്നെ മാരീചൻ അതിനെ ശക്തമായി എതിർക്കുകയും രാവണനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ, രാവണന്റെ ഭീഷണിക്കു മുമ്പിൽ ഈ എതിർപ്പുകൾ നാമമാത്രമായിത്തീർന്നു.

കൈകേയിക്ക് മന്ഥരയെന്ന കുബ്ജയുടെ ദുസ്സംഗംകൊണ്ടുണ്ടായ ദയനീയതയെ ഇതിനോടു കൂട്ടിവായിക്കാവുന്നതാണ്. തന്റെ മകനാൽത്തന്നെ ക്രൂരമായി ശപിക്കപ്പെടു ന്നത് എത്ര ദയനീയമായ അവസ്ഥയാണ്.

ഇതിന്റെ മറുവശവും രാമായണം ചിത്രീകരിച്ചുവെച്ചിട്ടുണ്ട്. അതാണ് ആരണ്യകാണ്ഡത്തിൽ ശബരിക്കു കിട്ടുന്ന ശ്രീരാമസമാഗമം. ശ്രീരാമനെ കാണുന്ന മാത്രയിൽത്തന്നെ ശബരി എന്ന നിഷ്കളങ്കയായ സാധുസ്ത്രീ ഒരു വലിയ നവീകരണത്തിനു വിധേയയാകുന്നു. അതുപോലെത്തന്നെയാണ് അയോധ്യാകാണ്ഡത്തിന്റെ അവസാനം അനസൂയ എന്ന അത്രി മാമുനിയുടെ ഭാര്യയും സീതാദേവിയും കണ്ടുമുട്ടുന്ന രംഗവും.

രാമായണത്തിൽ അയോധ്യാപുരിയെ സ്വാതികഗുണങ്ങൾകൊണ്ടു സമ്പന്നമായ ആളുകൾ വസിക്കുന്ന ഇടമായും വാനരന്മാർ വസിക്കുന്ന കിഷ്‌കിന്ധയെ രാജസികതലത്തിലുള്ള സ്ഥലമായും ദർശിക്കുന്ന ഒരു ചിന്താരീതിയും കാണപ്പെടുന്നുണ്ട്. ഇവരുടെ അഭിപ്രായത്തിൽ ലങ്ക താമസികതയുടെ, ഇരുട്ടിന്റെ പ്രതീകമാക്കുന്നെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്തായാലും ഏതു വിഭാഗം ആളുകൾക്കിടയിലും ആത്യന്തിക സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ജീവൻ സാത്വികതയിലേക്കും പ്രകാശത്തിലേക്കും നവീകരിക്കപ്പെട്ടു കടയപ്പെടുമ്പോൾ അനിവാര്യമായിത്തീരുന്ന മനഃശാസ്ത്രതത്ത്വങ്ങളെയാണ് ഈ ബിംബനിർമിതിയിലൂടെ രാമായണം വരച്ചിടുന്നത്.