ഫുജൈറ : ബലിപെരുന്നാളിന് മുന്നോടിയായി ഫുജൈറയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 45 തടവുകാർക്ക് മോചനം. സുപ്രീംകൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഉത്തരവുപ്രകാരമാണ് മോചനം.

ശിക്ഷാകാലയളവിൽ ഉയർന്ന പെരുമാറ്റ മര്യാദകൾ കാണിച്ചവരെയാണ് മോചിപ്പിച്ചത്. ഇവർക്ക് പുതുജീവിതം ആരംഭിക്കാൻ സാധിക്കട്ടെയെന്നും എത്രയും വേഗം കുടുംബത്തോടൊപ്പം ചേരാനാകട്ടെയെന്നും ആശംസിച്ചു.

യു.എ.ഇ.യിൽ വിവിധ ശിക്ഷ അനുഭവിക്കുന്ന 515 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടിരുന്നു. മോചിതരാകുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കും.