ദുബായ് : കനത്ത ചൂടിൽനിന്ന് ആശ്വാസമേകാൻ ദുബായിൽ സ്നോ റൺ സംഘടിപ്പിക്കുന്നു. സ്കീ ദുബായിയുടെ സഹകരണത്തോടെ ദുബായ് സ്പോർട്‌സ് കൗൺസിലാണ് ഓഗസ്റ്റ് 14, 15 തീയതികളിൽ സ്നോ റൺ ഒരുക്കുന്നത്. 18 മുതൽ 62 വരെ പ്രായമുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം. മൂന്നു കിലോമീറ്റർ ഓട്ടം പുതിയൊരു അനുഭവമായിരിക്കുമെന്ന് അധികൃതർ പറഞ്ഞു. ദുബായ് സ്നോ വാരത്തിന്റെ ഭാഗമായുള്ള മത്സരത്തിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ khttps://www.premieronline.com/event/dxb_snow_run_5316 എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർചെയ്യുക. 300 പേർക്ക് മാത്രമാണ് അവസരം.

കോവിഡ് മഹാമാരിമൂലം ദുബായ് സ്പോർട്‌സ് കൗൺസിൽ മത്സരങ്ങൾ ആഴ്ചകളോളം നിർത്തിവെച്ചിരുന്നു. ജൂൺ 19-ന് മറൈൻ സ്പോർട്‌സ് മേഖലയിലെ മത്സരങ്ങളോടെയാണ് സ്പോർട്‌സ് കൗൺസിൽ വീണ്ടും സജീവമായത്. കൂടാതെ കഴിഞ്ഞയാഴ്ച സ്പോർട്‌സ് കൗൺസിലുമായി സഹകരിച്ച് ഇൻറർനാഷണൽ മറൈൻ ക്ലബ്ബ് ദുബായ് വാട്ടർ സ്പോർട്‌സ് സമ്മർവീക്ക് സംഘടിപ്പിച്ചിരുന്നു. ആറ് വ്യത്യസ്തമത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു.