അബുദാബി : ദുബായ്-അബുദാബി അതിർത്തിയിൽ സ്ഥാപിച്ച കോവിഡ് റാപ്പിഡ് പരിശോധനാ കേന്ദ്രത്തിൽ പ്രതിദിനമെത്തുന്നത് ആറായിരത്തിലേറെ പേർ. പി.സി.ആർ. സാങ്കേതികതയിൽ ലേസർ സംവിധാനത്തിൽ നടക്കുന്ന പരിശോധനക്ക് 50 ദിർഹമാണ് നിരക്ക്. അഞ്ചുമിനിറ്റിൽ പരിശോധനാഫലം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. പരിശോധനാഫലം ലഭിച്ച ശേഷം 48 മണിക്കൂറിനുള്ളിൽ അബുദാബിയിൽ പ്രവേശിക്കാം. പതിനായിരം പേർക്ക് പരിശോധന നടത്താനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. വാരാന്ത്യങ്ങളിൽ എണ്ണായിരത്തിലേറെ പേർ പരിശോധനക്കെത്താറുണ്ട്. മറ്റു ദിവസങ്ങളിൽ ആറായിരത്തിലേറെ പേർ ഇവിടെയെത്താറുണ്ടെന്ന് പരിശോധന ചുമതലയുള്ള തമോഹ് ഹെൽത്ത്‌കെയർ വക്താവ് അബ്ദുല്ല എ. റാഷിദി അറിയിച്ചു.

വൈറസ് വ്യാപനം തടയുന്നതോടൊപ്പം യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗന്ധൂത്തിൽ പരിശോധനയാരംഭിച്ചത്. മുൻകൂട്ടി അപേക്ഷിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയോടെ ആളുകൾക്ക് കൃത്യമായ സമയങ്ങളിൽ പരിശോധനയ്ക്ക് എത്താനാവും. കുടുംബങ്ങൾക്കാണ് മുൻഗണന നൽകുന്നത്. 150 ആരോഗ്യ പ്രവർത്തകരും സാങ്കേതിക പ്രവർത്തകരും ഇവിടെയുണ്ട്. 45 മേശകളിൽ രണ്ടുവീതം ജീവനക്കാരാണ് പരിശോധന നടത്തുന്നത്.

രോഗവ്യാപനത്തിന് കാരണമായേക്കും എന്നതിനാൽ കറൻസി ഇടപാടുകൾ ഒഴിവാക്കി കാർഡുവഴിയുള്ള ഓൺലൈൻ ഇടപാടുകളാണ് നടക്കുന്നത്. 15 മിനിറ്റിൽ പരിശോധന പൂർത്തിയാക്കാനും സാധിക്കും.