ഷാർജ : ഷാർജ അൽഖാനിൽ മലയാളി വിദ്യാർഥിനിയെ കെട്ടിടത്തിൽനിന്ന് വീണുമരിച്ചനിലയിൽ കണ്ടെത്തി. അജ്മാൻ ഭവൻസ് സ്കൂൾ പത്താംക്ലാസ് വിദ്യാർഥിനി സമീക്ഷ പോൾ (15) ആണ് മരിച്ചത്. എറണാകുളം പെരുമ്പാവൂർ വേങ്ങൂർ സ്വദേശി ബിനുപോളിന്റെയും മേരിയുടെയും മകളാണ്.

ഞായറാഴ്ച പുലർച്ചെയാണ് താമസിക്കുന്ന കെട്ടിടത്തിന്റെ എട്ടാംനിലയിലെ ബാൽക്കണിവഴി താഴെ ഇന്റർലോക്ക് പാകിയ നിലത്തേക്ക് വീണുമരിച്ചനിലയിൽ സമീക്ഷയെ കണ്ടത്. ഷാർജ പോലീസ് പുലർച്ചെ ഫ്ളാറ്റിലെത്തി സംഭവം പറഞ്ഞപ്പോഴാണ് മാതാപിതാക്കൾ വിവരമറിഞ്ഞത്. ഇരട്ടസഹോദരിയായ മേരീഷിനൊപ്പമായിരുന്നു സമീക്ഷ ഉറങ്ങിയത്. സമീക്ഷ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ്, ഹെഡ് ഫോൺ എന്നിവ സോഫയിലുണ്ടായിരുന്നു. ദുബായിൽ എൻജിനിയറാണ് ബിനുപോൾ. 16 വർഷം അബുദാബിയിലായിരുന്നു. ഒന്നരവർഷം മുൻപാണ് കുടുംബം ഷാർജയിലേക്ക് താമസം മാറിയത്. ഷാർജ മാർത്തോമ ഇടവകാംഗമാണ് ബിനുപോൾ.