ദുബായ് : വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രവാസി മലയാളി പാട്ട് കൃതിയാക്കി അവതരിപ്പിക്കുന്നു. എട്ട് വർഷമായി ഷാർജയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന നസിറുദ്ദീൻ മണ്ണാർക്കാട്ടാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വല പോരാളിയുടെ ജീവിതം ഇശലുകളിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. വാരിയൻ കുന്നത്ത് സീറാപ്പാട്ട് എന്ന പേരിലാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പൂർത്തീകരിച്ചത്.

ഇതിന്റെ ഔദ്യോഗിക പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഓൺലൈനായി നിർവഹിച്ചു. പുസ്തകമായും റെക്കോഡിങ് രൂപത്തിലുമായാണ് ഇത് പുറത്തിറങ്ങിയിട്ടുള്ളത്. കോഴിക്കോട് ആസ്ഥാനമായുള്ള റീഡേഴ്‌സ് നെറ്റ് വർക്ക് എന്ന പ്രസാധാലയം സൗജന്യമായി കൃതി പൊതുജനങ്ങളിൽ എത്തിക്കും. മാപ്പിളപ്പാട്ട് ചരിത്രത്തിൽ വാരിയൻ കുന്നത്തിന്റെ ചരിത്രം പറയുന്ന ആദ്യത്തെ പാട്ടുകൃതിയാണ് ഇത്. www.variyankunnath.com എന്ന വെബ്‌സൈറ്റിൽ ഇതിന്റെ സൗജന്യ ഇ-ബുക്കും ഓഡിയോയും ലഭിക്കും. ഫിറോസ് നാദാപുരത്തിന്റെ സംഗീതത്തിൽ യുവ ഗായകൻ അഷ്കറലിയാണ് ഗാനം ആലപിച്ചത്.

പരമ്പരാഗതമായ ‘കപ്പപ്പാട്ട്’ ഇശലിൽ 440 വരികളിലായി എഴുതിയ കൃതിയിൽ വാരിയൻ കുന്നത്തിന്റെ ജനനം, ബാല്യം, വിവാഹം, മക്കയിലെ ജീവിതം, രാഷ്ട്രീയം, പോരാട്ടം, മരണം എന്നിങ്ങനെയുള്ള സംഭവങ്ങൾ സാന്നിധ്യമായിട്ടുണ്ട്.

നേരത്തേ കുഞ്ഞാലി മരക്കാർ പടപ്പാട്ട് എന്ന പേരിൽ മറ്റൊരു കൃതിയും ഈ പ്രവാസിയുടേതായിയുണ്ട്. മാപ്പിളപ്പാട്ടിലെ പ്രാസനിയമങ്ങൾ പാലിച്ചു കൊണ്ടാണ് രചന പൂർത്തിയയാക്കിയതെന്ന് നസിറുദ്ദീൻ പറയുന്നു.

മാപ്പിളപ്പാട്ട് വിദഗ്‌ധൻ ഹസ്സൻ നെടിയനാടാണ് സൂക്ഷ്മപരിശോധന നടത്തിയത്. എ.എം. നദ്‌വിയാണ് മുൻകൈ എടുത്തു മുന്നോട്ടുവന്നത്. ഒ.എം. കരുവാരക്കുണ്ട്, ബദറുദീൻ പാറന്നൂർ, ഖലീലുല്ലാഹ് ചെമ്മനാട്, മൊയ്ദീൻകുട്ടി ഇരിങ്ങല്ലൂർ, സുബൈർ വെള്ളിയോട്, ഇഖ്ബാൽ മടക്കര, ഇല്യാസ് കടമേരി, വഹീദ് മാസ്റ്റർ മണ്ണാർക്കാട് എന്നിവർ പ്രകാശനച്ചടങ്ങിൽ സംബന്ധിച്ചു.