ദുബായ് : യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്കുള്ള വന്ദേഭാരത് ദൗത്യം അഞ്ചാംഘട്ട വിമാനസർവീസുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ 15 വരെയാണ് ദൗത്യം. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് 105 വിമാനങ്ങളാണ് പ്രവാസികളുമായി പറക്കുക. അതിൽ കേരളത്തിലേക്കുമാത്രം 45 ലേറെ സർവീസുകളുണ്ട്. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽനിന്നാണ് പ്രവാസികളുമായുള്ള മടക്കയാത്ര. കേരളം ഒഴികെയുള്ള ഇതരസംസ്ഥാനങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ഇത്തവണയുണ്ടെന്നാണ് പ്രാഥമികവിവരം.

ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്നും 74 വിമാനങ്ങളും, അബുദാബിയിൽ നിന്നും 31 എണ്ണവും പറക്കുമെന്ന് ഇന്ത്യൻ എംബസിവൃത്തങ്ങൾ അറിയിച്ചു.

പ്രത്യേക എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളെ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പും ഓൺലൈൻ ബുക്കിങ് വിശദാംശങ്ങളും ഉടൻ പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് യു.എ.ഇ.യിലേക്ക് മടങ്ങാൻ അനുവദിച്ച പ്രത്യേക യാത്രാകരാർ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിയതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

ഓഗസ്റ്റ് ഒന്നിന് ദുബായിൽനിന്നും കൊച്ചിയിലേക്ക് രണ്ട് സർവീസുണ്ടാകും. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കും അന്ന് വിമാനങ്ങൾ പറക്കും.

ഓഗസ്റ്റ് രണ്ടിന് ദുബായിൽനിന്നും കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കും വിമാനം പറക്കും.

ഒാഗസ്റ്റ് മൂന്ന്: അബുദാബി-കണ്ണൂർ, നാല്: ദുബായ്-കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, ഷാർജ-കോഴിക്കോട്. അഞ്ച്: ദുബായ്-കോഴിക്കോട്, അബുദാബി-കൊച്ചി, തിരുവനന്തപുരം.

ആറ്: അബുദാബി-കോഴിക്കോട്. ഏഴ്: ദുബായ്-കോഴിക്കോട്, കൊച്ചി, ഷാർജ-തിരുവനന്തപുരം, കണ്ണൂർ. എട്ട്: ദുബായ്-കണ്ണൂർ, കൊച്ചി, അബുദാബി-കോഴിക്കോട്. ഒമ്പത്: ദുബായ്-കോഴിക്കോട്, കണ്ണൂർ, ഷാർജ-തിരുവനന്തപുരം. 10: അബുദാബി-തിരുവനന്തപുരം, കണ്ണൂർ, ഷാർജ-കൊച്ചി. 11: ദുബായ്-കണ്ണൂർ, കൊച്ചി, ഷാർജ-തിരുവനന്തപുരം, കോഴിക്കോട്. ഓഗസ്റ്റ് 12: ദുബായ്-കോഴിക്കോട്, അബുദാബി-കൊച്ചി, തിരുവനന്തപുരം.

ആഗസ്റ്റ് 13: അബുദാബി-കോഴിക്കോട്. 14: ദുബായ്-കോഴിക്കോട്, കൊച്ചി, ഷാർജ-തിരുവനന്തപുരം, കണ്ണൂർ. 15: ദുബായ്-കണ്ണൂർ, കൊച്ചി, അബുദാബി-കോഴിക്കോട്.