ദുബായ്: മികച്ച തൊഴിൽ അന്തരീക്ഷം, രാജ്യത്തിന്റെ നയങ്ങൾ തുടങ്ങി എല്ലാ നടപടിക്രമങ്ങളും സമന്വയിപ്പിച്ച് യു.എ.ഇ.യെ സഹിഷ്ണുതയുടെ ആഗോളകേന്ദ്രമാക്കി മാറ്റിയെടുക്കാനുള്ള ദേശീയപദ്ധതിക്ക് ഭരണകൂടം അംഗീകാരംനൽകി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച അബുദാബിയിൽ നടന്ന മന്ത്രിസഭായോഗത്തിലാണ്
അംഗീകാരം നൽകിയത്. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ശൈഖ് മുഹമ്മദ് ഇക്കാര്യമറിയിച്ചത്.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഓർഗനൈസേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടോളറൻസിൽനിന്ന് ബിരുദംനേടിയ ഇമറാത്തി ടോളറൻസ് വിദഗ്ധരുടെ ആദ്യ ബാച്ചിന്റെ ആഘോഷവും യോഗത്തിലുണ്ടായതായി അദ്ദേഹം ട്വീറ്റ് ചെയ്തു. യോഗത്തിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും രാഷ്ട്രപതി കാര്യമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ പങ്കെടുത്തു.