ചങ്ങനാശ്ശേരി പെരുന്ന അമ്പലത്തിലെ ചെപ്പേടിൽ ആലേഖനം ചെയ്ത നാടുവാഴിയുടെ പേരാണ് എതിരൻ കതിരവൻ. പൂഞ്ഞാർ കൊട്ടാരത്തിൽ ശ്രീധരൻ കർത്ത എന്ന സ്വന്തം േപരിൽ ഒരു മാടമ്പിത്തരം ആരോപിക്കാമെന്നതിനാലാണ് ബ്ലോഗെഴുത്തിലൂടെ ശ്രദ്ധേയനായ പാല മീനച്ചിൽ സ്വദേശിയായ ശാസ്ത്രജ്ഞൻ എതിരൻ കതിരവനെന്ന വ്യത്യസ്തമായ പേര് സ്വീകരിച്ചത്. പേരിലെ രാശിയിൽ വിശ്വാസമില്ലാത്ത, എഴുത്തിൽ റിബലായി നിലപാടെടുക്കുന്ന എതിരൻ കതിരവൻ സമാന വിശ്വാസ പ്രമാണങ്ങളേയും എതിർക്കുന്നു. 1978-ൽ അമേരിക്കയിലേക്ക് കുടിയേറിയ എതിരൻ കതിരവൻ ഷിക്കാഗോ സർവകലാശാലയിൽ 26 വർഷം അധ്യപകനായിരുന്നു. യു.എ.ഇ.യിൽ ആദ്യമായെത്തിയതാണദ്ദേഹം.

കേരളത്തിലെ തുടർപ്രളയങ്ങൾക്കുകാരണം മനുഷ്യർ ഭൂമിക്കുമുകളിൽ കാണിക്കുന്ന ആർത്തിയും ആധിപത്യവുമാണെന്നാണ് എതിരന്റെ അഭിപ്രായം. ലോകത്തെമ്പാടും കാലാവസ്ഥയിൽ സംഭവിക്കുന്ന മാറ്റവും പ്രളയത്തിന്റെ മറ്റൊരു കാരണമാണ്. മനുഷ്യർ അനുഭവങ്ങളിൽനിന്ന് പാഠങ്ങളും പഠിക്കുന്നില്ല. മഴയുടെ രീതി മാറുമ്പോൾ മനുഷ്യർ അതിനനുസരിച്ച് പെരുമാറിയില്ലെങ്കിൽ കൂടുതൽ ദുരന്തങ്ങൾ നമ്മളനുഭവിക്കേണ്ടിവരും. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളഞ്ഞത് കേരളത്തിന് ദോഷം ചെയ്തു.

ശാസ്ത്ര നിഗമനമനുസരിച്ച് രണ്ട് പാറമടകൾ പ്രവർത്തിക്കേണ്ടിടത്ത് 27 പാറമടകളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. പ്രകൃതിയോടും മനുഷ്യരോടുമുള്ള വെല്ലുവിളിയാണിത്. കഴിഞ്ഞവർഷം കേരളത്തിലുണ്ടായ പ്രളയം ഒരുപരിധിവരെ മനുഷ്യനിർമ്മിതമാണെന്ന് എതിരൻ പറയുന്നു. എതിരന്റെ അഭിപ്രായത്തിന് എതിരുണ്ടാവാമെങ്കിലും അഭിപ്രായങ്ങളിൽ വിട്ടുവീഴ്ചയില്ല. സമൂഹവും ഭരണകൂടവും തുടർച്ചയായി സംഭവിക്കുന്ന പ്രകൃതിദുരന്തത്തിന് പരിഹാരം കാണാൻ ശ്രമിക്കുന്നില്ല. മലയാളികൾ വാതോരാതെ സംസാരിക്കുകയും എഴുതുകയും ചെയ്യുമെങ്കിലും പരിഹാരങ്ങൾ പ്രയോഗത്തിൽ വരുത്താറില്ല. നിയമങ്ങൾ പാലിക്കാനും മലയാളികൾക്ക് മടിയാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ കൊടുങ്കാറ്റും ഭൂമികുലുക്കങ്ങളും സംഭവിക്കുന്നു. അതിന് മനുഷ്യർക്കൊന്നും ചെയ്യാൻ സാധിക്കില്ല. എന്നാൽ ഉരുൾപൊട്ടലും വെള്ളക്കെട്ടും അത്രയും ലാഘവത്തോടെയെടുക്കാനാവില്ല.

ഭൂമിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന സമീപനങ്ങളിൽനിന്ന് മാറിനിൽക്കണമെന്നാണ് ഗാഡ്ഗിലും നിർദേശിച്ചത്. വിദേശരാജ്യങ്ങളിലുള്ളവർ നിയമത്തെ അനുസരിക്കുന്നവരാണ്. പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തി മാത്രമേ വിദേശങ്ങളിൽ ഒരു പൗരന് വീടുനിർമാണത്തിണ് പോലും അനുമതി നൽകുകയുള്ളൂ. അമേരിക്കയിൽ ഒരു വില്ല നിർമിക്കാനാനുമതി ലഭിക്കണമെങ്കിൽ സമീപത്ത് തടാകങ്ങൾ നിർമിക്കുകയും മരങ്ങൾ വെച്ചുപിടിപ്പിക്കുകയും വേണം. കേരളത്തിൽ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് കെട്ടിടനിർമാണങ്ങൾ നടക്കുന്നത്.

കലയും സംഗീതവും മനുഷ്യരുടെ തലച്ചോറുൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ കൂടുതൽ ഉത്തേജനം നൽകുമെന്ന് സംഗീതതത്പരനായ എതിരൻ കതിരവൻ പറയുന്നു. മനുഷ്യന്റെ തലച്ചോറിൽ ഓർമ, വികാരം, അധ്യാത്മികത, ദൈവചിന്ത, ധ്യാനം തുടങ്ങിയവയ്ക്കെല്ലാം പ്രത്യേക ഇടങ്ങളുണ്ടെന്ന് സ്കാനിങിലൂടെ തെളിഞ്ഞിട്ടുണ്ടെന്ന് ഈ മേഖലയിലേറെ പഠനം നടത്തിയ എതിരൻ പറയുന്നു. തലച്ചോറിന് ആവശ്യമായ സമയങ്ങളിൽ ജോലിയും വിശ്രമവും അത്യാവശ്യമാണ്. ഒരു മനുഷ്യൻ ശരാശരി ആറുമണിക്കൂറെങ്കിലും ഉറങ്ങണം. ഉറക്കം കുറയുന്നതോടെ രോഗാവസ്ഥയും കൂടിവരുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മനുഷ്യർ ഇരുന്നുപോയ വർഗമാണ്. അപ്പോൾ, വ്യായാമവും ജീവിതചര്യയും കൃത്യമായില്ലെങ്കിൽ എളുപ്പം രോഗാതുരരാകുമെന്ന് തിരിച്ചറിയണം. സ്വയം സൃഷ്ടിക്കുന്ന സാഹചര്യങ്ങളാണ് നമ്മൾക്കെതിരാവുന്നതെന്ന് മനുഷ്യർ തിരിച്ചറിയാത്ത കാലത്തോളം നമ്മൾ തോറ്റ ജനതയായി മാറിക്കൊണ്ടേയിരിക്കും. വ്യായാമവും ആഹാരക്രമീകരണവും ഇല്ലാതെയാവുമ്പോഴാണ് ഭൂരിഭാഗം ആളുകൾക്കും ഹൃദ്രോഗം ബാധിക്കുന്നത്.

മനുഷ്യശരീരം ജീവശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയുടെ ലാബ് ആണെന്ന് എതിരൻ കതിരവൻ പറയുന്നു. ഭൗതികശാസ്ത്ര നിയമങ്ങളും രസതന്ത്ര പ്രവർത്തനങ്ങളും ജീവൻ എന്ന പ്രതിഭാസത്തിൽ അടങ്ങിയിരിക്കുന്നു. രക്തത്തിലടക്കം, ശരീരത്തിലെ നിരന്തര രാസമാറ്റങ്ങൾ തലച്ചോറിൽ നിയന്ത്രണവിധേയമാവുന്നതും ജീവന്റെ പ്രതിഭാസംതന്നെ. വ്യക്തിഗതമായ ഡി.എൻ.എ. പരിശോധനകൾ നൂറ് ശതമാനവും സത്യസന്ധമാണെന്ന് ജീനുകളെക്കുറിച്ച് ഏറെ പഠനം നടത്തിയ എതിരൻ പറഞ്ഞു. അർബുദത്തിന് ആദ്യം പരിശോധിക്കുന്നത് ഡി.എൻ.എ. ആണ്. ഒരേ രോഗംതന്നെ വ്യത്യസ്ത ആളുകളിലുണ്ടാവുമ്പോൾ ഇത്തരം പരിശോധനകളിലൂടെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ സാധിക്കും. ഒരു കുഞ്ഞിന്റെ ഡി.എൻ.എ. പരിശോധന നടത്തിയാൽ ഭാവിയിൽ ഏതൊക്കെ രോഗങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഏറക്കുറെ മനസ്സിലാക്കാം. ഇന്ത്യയിൽ ഡി.എൻ.എ. പരിശോധന ചെലവേറിയതാകാൻ കാരണം പരിശോധനാകേന്ദ്രങ്ങൾ കുറവായതിനാലാണ്.

ഇന്ത്യയിൽ അർബുദ ചികിത്സാ ചെലവും കൂടുതലാണ്. ചികിത്സാസമ്പ്രദായവും പഴക്കമുള്ളതാണ്. കീമോതെറാപ്പിയടക്കം നടത്തുന്നത് ചുരുങ്ങിയത് 30 വർഷമെങ്കിലും പഴക്കമുള്ള മരുന്നുകളിലൂടെയാണ്. ഇന്ത്യ മരുന്നുനിർമാണത്തിൽ ഇപ്പോഴുമേറെ പിന്നിലായ രാജ്യമാണ്. എന്നാൽ വിജയകരമായ ബൈപാസ് ശസ്ത്രക്രിയയ്ക്ക് ഇന്ത്യ പേരുകേട്ട രാജ്യമാണെന്നതും വിസ്മരിച്ചുകൂടാ. ഇന്ത്യയിൽ ജീവന് ഒരു വിലയുമില്ലെന്നാണ് എതിരന്റെ പക്ഷം. വഴിയിൽ തളർന്നുവീണാൽ ആശുപത്രിയിലെത്തിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. സ്ത്രീശരീരത്തിലെ ആർത്തവരക്തത്തിൽ വിത്തുകോശങ്ങളുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ ആർത്തവരക്തം കിറ്റുകളിൽ സംഭരിക്കുന്നുപോലുമുണ്ട്. എന്നാൽ വിശ്വാസത്തിലധിഷ്ഠിതമായ ഇന്ത്യൻ ജനതയ്ക്ക് ആർത്തവം അശുദ്ധമാകുന്നത് ഖേദകരമാണ്. ആരാധനാലയങ്ങൾ കൂടുതലുള്ള ഇന്ത്യയിൽ വിശ്വാസവും എളുപ്പത്തിൽ കുടഞ്ഞുകളയാൻ സാധ്യമല്ല. കോടതിവിധികൾക്ക് വിശ്വാസങ്ങൾ മാറ്റിയെടുക്കാനാവില്ല. ആർത്തവരക്തം അശുദ്ധമെങ്കിൽ പുരുഷന്മാരുടെ രേതസ്സും അശുദ്ധമാകേണ്ടതാണെന്ന് എതിരൻ പറഞ്ഞു.

പ്രത്യേക ആഹാരം കഴിക്കുന്നവരെ തല്ലിക്കൊല്ലുന്ന ഫാസിസത്തെയും എതിരൻ എതിർക്കുന്നു. ഇന്ത്യയിൽ ശാസ്ത്രഎഴുത്തുകൾ കുറവാണ്. അതുകൊണ്ടാണ് ഇന്ത്യൻ ജനതയ്ക്ക് ന്യൂറോണിന്റെയും ഡി.എൻ.എ.യുടെയും പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാതെ പോകുന്നത്. അമേരിക്കൻ പൗരത്വമുള്ളവരാണ് എതിരൻ കതിരവനും ഭാര്യ സേതുലക്ഷ്മിയും മക്കളായ നീലിമയും.

തയ്യാറാക്കിയത്: ഇ.ടി. പ്രകാശ്