മനാമ: ബഹ്‌റൈൻ വാദ്യകലാകാരന്മാരുടെ കൂട്ടായ്മയായ സോപാനം വാദ്യകലാസംഘത്തിന്റെ നേതൃത്വത്തിൽ നവംബർ എട്ട്, ഒമ്പത് തീയതികളിൽ ഇന്ത്യൻ സ്കൂൾ ഇസാ ടൗൺ കാമ്പസിൽ പത്താം വാർഷികം സംഘടിപ്പിക്കും. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, നടൻ ജയറാം എന്നിവർ മുഖ്യാതിഥികളായിരിക്കും.
ആഘോഷ പരിപാടികളിൽ പാണ്ടിമേളം, പഞ്ചാരിമേളം, പഞ്ചവാദ്യം, കേളി, സോപാനസംഗീതം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരട്ടപ്പന്തി പഞ്ചാരിമേളത്തിൽ സോപാനത്തിൽ മേളം അഭ്യസിച്ച നാല്പതു വിദ്യാർഥികളുടെ അരങ്ങേറ്റവും നടത്തും. പുല്ലാങ്കുഴൽ വാദകൻ രാജേഷ് ചേർത്തല അവതരിപ്പിക്കുന്ന സംഗീത സമന്വയവും 100 സംഗീതവിദ്യാർഥികളും 100 നൃത്തവിദ്യാർഥികളും അവതരിപ്പിക്കുന്ന പ്രത്യേക സംഗീത-നൃത്ത ശില്പവും ആഘോഷപരിപാടികൾക്ക് മാറ്റു കൂട്ടും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.