ദുബായ്: മനുഷ്യരാശിയുടെ വികസനപ്രക്രിയക്ക് ഒരുമിച്ചുനിൽക്കേണ്ടത് അത്യാവശ്യമാണെന്ന് യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിൽ 12-ാമത് അറബ് സ്ട്രാറ്റജി ഫോറത്തിൽ(എ.എസ്.എഫ്.) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശൈഖ് മുഹമ്മദിന്റെ രക്ഷാകർത്തൃത്വത്തിൽ നടക്കുന്ന ഫോറത്തിൽ അടുത്ത 10 വർഷത്തിനുള്ളിൽ ലോകം നേരിടാൻ പോകുന്ന വെല്ലുവിളികൾ, പുതിയ അവസരങ്ങൾ എന്നിവയുടെ സമഗ്രമായ ഒരു പട്ടിക രൂപപ്പെടുത്തി. ലോകം രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക പരിവർത്തനങ്ങളുടെ ഒരു പുതിയ ഘട്ടത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഭാവി മുൻകൂട്ടി അറിയുന്നതിനും വിശകലനം ചെയ്യുന്നതിനും മികച്ച പരിഹാരങ്ങൾ സ്വീകരിക്കാനും സഹായിക്കുന്ന പ്രധാന ഉപകരണമായി തുടരും. മനുഷ്യരാശിയുടെ പ്രയോജനത്തിനായി ആഗോള വൈദഗ്ദ്ധ്യം ഒരുമിച്ച് കൊണ്ടുവരുന്ന വേദിയായി യു.എ.ഇ. തുടർന്നും പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അറബ് സ്ട്രാറ്റജി ഫോറത്തിൽ ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരും സംബന്ധിച്ചു.
അറബ് സ്ട്രാറ്റജി ഫോറം പ്രസിഡന്റ് മുഹമ്മദ് അൽ ഗെർഗവിയുടെ പ്രഭാഷണത്തോടെയാണ് വാർഷിക സമ്മേളനം ആരംഭിച്ചത്. വരുംദശകത്തിൽ ലോക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് അറബ് ലോകം കാരണമാകുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. സമീപ വർഷങ്ങളിലെ പ്രകടനം അതാണ് കാണിക്കുന്നത്. ശോഭനമായ ഒരു ഭാവി കെട്ടിപ്പെടുക്കാൻ അറബ് ലോകത്തിന് കഴിവുണ്ട്. വരാനിരിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുകയാണെങ്കിൽ രാജ്യത്തിന് മികച്ച ഭാവി പ്രതീക്ഷിക്കാമെന്നും അൽ ഗെർഗവി പറഞ്ഞു. സ്ട്രാറ്റജിക് കൺസെപ്റ്റ്‌സ് ചെയർമാനും ഫ്യൂച്ചർ വേൾഡ് ഫൗണ്ടേഷൻ സ്ഥാപകനും എക്സിക്യൂട്ടീവ് വൈസ് ചെയർയുമായ സീൻ ക്ലിയറി, മുൻ യു.എസ് വൈസ് പ്രസിഡന്റ് ഡിക്ക് ചെന്നി, മുൻ ചൈനീസ് വിദേശകാര്യ മന്ത്രി ലി ഷാക്‌സിങ് തുടങ്ങിയവരും സംസാരിച്ചു.
Content Highlights: Arab Strategy Forum annual summit