ദുബായ്: യു.എ.ഇ യില്‍  സ്വകാര്യമേഖലയില്‍ ജോലി ചെയ്തുവരുന്ന വിദേശികള്‍ക്ക് ആവശ്യമെങ്കില്‍ അവരുടെ വാര്‍ഷിക അവധി നേരത്തെ എടുക്കാന്‍ യു.എ.ഇ യുടെ അനുമതി. താമസവിസ പുതുക്കാന്‍ വൈകുന്നവര്‍ക്ക് ഈ വര്‍ഷാവസാനം വരെ പിഴ ഈടാക്കേണ്ടതില്ലെന്നും യു.എ.ഇ തീരുമാനിച്ചു.

'ഏര്‍ളി ലീവ്' എന്ന പേരിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ജീവനക്കാര്‍ സാധാരണയായി എടുക്കാറുള്ള വാര്‍ഷികാവധി തീയതികള്‍ ഇത്തരത്തിലേക്ക് മാറ്റുകയോ, വേതനമില്ലാത്ത അവധിയില്‍ തൊഴിലുടമയുമായുള്ള  ധാരണ പ്രകാരം  അവധിയില്‍ പ്രവേശിക്കുകയോ ചെയ്യാം. പ്രയാസമേറിയ കാലത്ത് ബന്ധുക്കള്‍ക്കൊപ്പം സ്വന്തം നാട്ടില്‍ എത്താനുള്ളവരുടെ ആഗ്രഹം മാനിച്ചാണ് ഈ പദ്ധതിയെന്ന് ഗവര്‍മ്മെണ്ട് വ്യക്തമാക്കി.

താമസവിസ പിഴയില്ലാതെ  പുതുക്കാന്‍ നേരത്തെ മൂന്ന് മാസമായിരുന്നു സമയം അനുവദിച്ചത്. ഞായറാഴ്ച ചേര്‍ന്ന യു.എ.ഇ മന്ത്രിസഭാ യോഗത്തില്‍ യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഇപ്പോള്‍ വിദേശത്തുള്ള താമസവിസക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

അതിനിടെ അവശ്യസര്‍വീസുകളായി പ്രഖ്യാപിക്കപ്പെട്ട മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ദുബായില്‍ സഞ്ചരിക്കുന്നതിന് മുമ്പ് അതിനുള്ള അനുമതി പത്രം സമ്പാദിക്കണമെന്ന് ദുബായ് ഗവര്‍മ്മെണ്ട് മുന്നറിയിപ്പ് നല്‍കി.  dxbpermit.gov.ae എന്ന വെബ്‌സൈറ്റിലാണ്  ഇതിനുള്ള അപേക്ഷ നല്‍കേണ്ടത്.

Content Highlights: Annual leave can be taken early and there is no penalty this year for visa renewal