ദുബായ്: സിനിമാതാരങ്ങളുടെ സംഘടനയായ എ.എം.എം.എ.യുടെ തലപ്പത്തിരിക്കുമ്പോൾ മോഹൻലാൽ സംഘടനാകാര്യങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കരുതെന്നു സംവിധായകൻ വിനയൻ അഭിപ്രായപ്പെട്ടു.

മോഹൻലാൽ എല്ലാ വിഷയങ്ങളിലും നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നവരാണ് എല്ലാവരും. ആ പ്രതീക്ഷകൾ അസ്ഥാനത്താക്കുന്ന വിധത്തിൽ മോഹൻലാൽ തലപ്പത്ത് ഇരിക്കുമ്പോൾ തന്നെ മറ്റുള്ള ആളുകൾ പത്രസമ്മേളനം വിളിച്ച് സംഘടനയുടെ അഭിപ്രായം പറയുകയാണ്. പലപ്പോഴും മറ്റുള്ളവർക്കിടയിൽ ലാൽ കുടുങ്ങിക്കിടക്കുന്നതുപോലെ തോന്നുന്നു. ഇത് ശരിയായ നിലപാടല്ല. സംഘടനയെ നിയന്ത്രിക്കാൻ മോഹൻലാലിന് കഴിയണം. അല്ലെങ്കിൽ മോഹൻലാൽ സംഘടനയിൽ ഹൈജാക്ക് ചെയ്യപ്പെടുമെന്നും വിനയൻ പറഞ്ഞു.

എ.എം.എം.എ. വനിതാ അംഗങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ ഇതുവരെ പരിഹരിച്ചില്ല എന്നത് നിരാശാജനകമാണ്. വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. സൂപ്പർ താരങ്ങൾക്ക് എതിരാണെന്ന് കരുതുന്നില്ല. എല്ലാരംഗത്തും രൂപപ്പെടുന്ന സ്ത്രീകൂട്ടായ്മയുടെ ഭാഗമായി അതിനെ കണ്ടാൽ മതി. അമ്മയിലും ഫെഫ്കയിലുമുള്ള വനിതാ അംഗങ്ങളെല്ലാം ഇത്തരത്തിൽ കൂടിച്ചേരുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ് വിനയൻ ദുബായിയിൽ എത്തിയത്. ഉയർന്ന നിലയിൽ നിൽക്കുമ്പോഴും കലാഭവൻ മണിയെ അംഗീകരിക്കാൻ മലയാളസിനിമയിലെ ഒരു വിഭാഗം തയ്യാറായിരുന്നില്ലെന്ന് വിനയൻ ആരോപിച്ചു. കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ വിജയമാണ്. ഇത് കലാഭവൻ മണിയുടെ പോരാട്ടജീവിതത്തിനുള്ള അംഗീകാരമാണെന്നും വിനയൻ പറഞ്ഞു. സിനിമയിലെ നായകൻ രാജാമണി, നടി ഹണിറോസ് എന്നിവരും സംബന്ധിച്ചു.