ഷാർജ: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേ നവീകരണം നടക്കുന്ന 16 മുതൽ മേയ് 30 വരെയുള്ള 45 ദിവസം എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെയും ചില സർവീസുകൾ ഷാർജ വിമാനത്താവളത്തിലേക്ക് മാറ്റും.

ഞായറാഴ്ചകളിലെ കൊച്ചി- ഷാർജ-കൊച്ചി സർവീസ് റൺവേ നവീകരണം കഴിയുന്നതുവരെ ഷാർജയിൽ നിന്നാകും. കൊച്ചിയിലേക്കുള്ള എയർഇന്ത്യഎക്‌സ്‌പ്രസ് വിമാനം ഐ.എക്‌സ് 0434 ഷാർജയിൽനിന്ന് വൈകീട്ട് 5.00- നു പുറപ്പെട്ട് രാത്രി 11.35-ന് കൊച്ചിയിലെത്തും. കൊച്ചിയിൽനിന്നുള്ള ഐ.എക്‌സ് 0435 വിമാനം ഉച്ചയ്ക്ക് 1.30- നു പുറപ്പെട്ട് 4.00-ന് ഷാർജയിലെത്തും.

എയർഇന്ത്യഎക്‌സ്‌പ്രസിന്റെ ഞായറാഴ്ചയുള്ള ഡൽഹി- ദുബായ് സർവീസും (ഐ.എക്‌സ്.141) ദിവസേന മംഗലാപുരത്തുനിന്ന് ദുബായിലേക്കുള്ള രണ്ടു സർവീസുകളും (ഐ.എക്‌സ്. 383, ഐ എക്‌സ് 813 ) മേയ് 30 വരെ ഷാർജയിലേക്ക് മാറ്റും.

എയർഇന്ത്യയുടെ മുംബൈയിൽനിന്ന് ദുബായിലേക്കുള്ള പ്രതിദിന സർവീസ് (എ.ഐ.983 ), ദുബായിൽനിന്ന് ചെന്നൈയിലേക്കുള്ള വിമാനം (എ.ഐ 906), വിശാഖപട്ടണം- ഹൈദരാബാദ്- ദുബായ് സർവീസ് (എ .ഐ 951 ) എന്നിവയും വ്യാഴം, ഞായർ ദിവസങ്ങളിലുള്ള ബെംഗളൂരു- ഗോവ - ദുബായ് വിമാനവും (എ.ഐ 993 ) ഇനി മുതൽ ഷാർജയിൽനിന്ന് സർവീസ് നടത്തും.

എയർഇന്ത്യയുടെയും എയർഇന്ത്യഎക്‌സ്‌പ്രസിന്റെയും യു .എ.ഇ.യിൽ നിന്നുള്ള ബാക്കിയുള്ള സർവീസുകൾ സാധാരണഗതിയിൽ നടക്കുമെന്ന് എയർഇന്ത്യ അധികൃതർ അറിയിച്ചു.

Content Highlights: Air India Services Re Scheduled from Sharjah Airports