ദുബായ് : എയർഇന്ത്യ എക്സ്‌പ്രസ് ഓഫീസുകളിൽ നാട്ടിലേക്ക് മടങ്ങാനുള്ള വിമാനടിക്കറ്റിനായി തിങ്കളാഴ്ച എത്തിയത് നൂറുകണക്കിന് ഇന്ത്യക്കാർ. യു.എ.ഇയിൽ നേരിട്ടുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ആദ്യദിനങ്ങളിലെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ഷാർജ, ദുബായ് എന്നിവിടങ്ങളിലെ എയർഇന്ത്യ ഓഫീസിന് മുന്നിൽ തൊഴിൽ നഷ്ടപ്പെട്ടവരും സന്ദർശകവിസയിലെത്തി കുടുങ്ങിപ്പോയവരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളുടെ നീണ്ടനിരയാണ് ഞായർ, തിങ്കൾ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ മുതൽതന്നെ ആളുകൾ തിങ്ങിനിറഞ്ഞു. യു.എ.ഇയിൽനിന്ന് വന്ദേഭാരത് ദൗത്യത്തിന്റെ നാലാംഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവർ ഇനി എയർഇന്ത്യ എക്സ്‌പ്രസിന്റെ വെബ്‌സൈറ്റ് വഴിയോ അറേബ്യൻ ട്രാവൽ ഏജൻസിയുടെ ഓഫീസുകളിൽ നേരിട്ടെത്തിയോ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അബുദാബി ഇന്ത്യൻ എംബസി അറിയിച്ചതിനെത്തുടർന്നാണ് തിരക്കേറിയത്. ഇതിനകം ലഖ്നൗ, ഡൽഹി, ഹൈദരാബാദ് വിമാനങ്ങൾ പൂർണമായും ബുക്കിങ് കഴിഞ്ഞു. ഇന്ത്യൻ എംബസി വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്കാണ് യാത്രാനുമതി.

ഓൺലൈൻ വഴി ടുക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാത്തവരാണ് കനത്ത ചൂട് സഹിച്ചും ഓഫീസുകളിൽ നേരിട്ടെത്തിയത്. ജൂലായ് ഒന്ന് മുതൽ 14 വരെയുള്ള വന്ദേഭാരത് നാലാംഘട്ടത്തിൽ അബുദാബി, ദുബായ് എന്നിവിടങ്ങളിൽനിന്ന് പുറപ്പെടുന്ന വിമാനങ്ങളിലേക്കാണ് യാത്രക്കാർക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുമതി.

Content Highlights: Air India Express