അബുദാബി: അബുദാബിയിൽ റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ 25.125 ശതമാനം കുറവ് വന്നതായി അബുദാബി പോലീസ് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ മേജർ ജനറൽ അലി ഖൽഫാൻ അൽ ദാഹിരി പറഞ്ഞു. പോലീസിന്റെ സമഗ്ര ഗതാഗത സംവിധാനപ്രകാരം റോഡപകടങ്ങളിൽ കഴിഞ്ഞ വർഷത്തെക്കാൾ കാര്യമായ കുറവ് വരുത്താൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അബുദാബി പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.

2017-ൽ റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 199 ആളുകൾക്കാണ്. ഈ വർഷമത് 149 ആയി കുറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 149-ൽ നിന്ന് 120 ആയി കുറഞ്ഞു. 19.46 ശതമാനം കുറവാണുള്ളത്. മരണത്തിന് കാരണമാവുന്ന അപകടങ്ങളുടെ എണ്ണത്തിൽ 38 ശതമാനത്തിന്റെ കുറവാണുള്ളത്. ഗതാഗതവകുപ്പും മുനിസിപ്പാലിറ്റിയും ആരോഗ്യവകുപ്പും വൈജ്ഞാനികവകുപ്പും സംയുക്തമായി നടത്തിയ ശ്രമങ്ങൾകൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്നും ദാഹിരി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പട്രോളിങ്, കാലാവധി കഴിഞ്ഞ വാഹനങ്ങൾ കണ്ടെത്തൽ, ട്രക്കുകളുടെ പരിശോധന തുടങ്ങി നിരവധി മാർഗങ്ങൾ ഗതാഗത സംവിധാനം കുറ്റമറ്റതാക്കാൻ പോലീസ് അവലംബിക്കുന്നുണ്ട്.

പോലീസ് വ്യോമവിഭാഗം 1523-ഓളം ദൗത്യങ്ങളാണ് ഇക്കാലയളവിൽ ഏറ്റെടുത്ത് നടപ്പാക്കിയത്. സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കാനായി നൂതന സാങ്കേതിക വിദ്യയിലൂന്നിയ പ്രവർത്തനരീതിയാണ് പോലീസ് ഭാവിയിൽ നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Accident Death in Abu Dhabi decreases