ദുബായ്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശി സിന്ധു ധനരാജിന് 5,50,000 ദിർഹം (ഏകദേശം ഒരു കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി ഉത്തരവിട്ടു. 2017-ൽ ദുബായ് എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തിലാണ് സിന്ധുവിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ഒരു മാസത്തെ ആശുപത്രിവാസവും മൂന്ന് മാസത്തോളം വീട്ടിലെ വിശ്രമത്തിനുശേഷമാണ് അവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നത്. അതിനിടെ ദുബായിലെ ഐ.ടി. കമ്പനിയിലെ ജോലിയും നഷ്ടമായി.

ചികിത്സപലതും പൂർത്തിയായെങ്കിലും മുഖം സാധാരണ നിലയിലായിട്ടില്ല. കണ്ണുകൾക്കും മുഖത്തിന്റെ ഇടതുവശത്തിനും അപകടത്തിൽ ബാധിച്ച പരിക്കുകൾ ഇപ്പോഴും ഭേദമായിട്ടില്ല. നഷ്ടപരിഹാരത്തുക തുടർചികിത്സയ്ക്കായി വിനിയോഗിക്കുമെന്ന് സിന്ധു പറഞ്ഞു. അപകടത്തിന് കാരണക്കാരനായ വാഹനത്തിന്റെ ഡ്രൈവറെ ദുബായ് കോടതി കുറ്റക്കാരനെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അയാളുടെ പേരിൽ പിഴയും ചുമത്തിയിരുന്നു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തെതുടർന്നാണ് ഇപ്പോൾ അനുകൂല വിധിയായിരിക്കുന്നത്. ഭർത്താവ് ധനരാജ് ഇപ്പോഴും ദുബായിലാണ് ജോലി ചെയ്യുന്നത്. ഉടനെ പ്രവാസജീവിതം തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും സിന്ധു പറഞ്ഞു.