അബുദാബി: സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായി അബുദാബി ആർട്ട് ഹബ്ബിൽ മലയാളിയുടെ ചിത്രപ്രദർശനം. തമിഴ് നാട്ടിലെ രാജപാളയത്ത് ജനിച്ചുവളർന്ന മലയാളി ചിത്രകാരൻ ഡേവിഡ് ഇ. ബെനീസറുടെ ചിത്രങ്ങളാണ് ‘മൈൻഡ് സ്കേപ്‌സ്’ എന്ന പേരിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

ഏഴ് വർഷമായി അബുദാബിയിൽ ജോലിചെയ്യുന്ന ഇദ്ദേഹം വിവിധ നാടുകളിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. ഒട്ടേറെ പുരസ്കാരങ്ങളും നേടി.

ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള കലാസൃഷ്ടികൾ അബുദാബി ആർട്ട് ഹബ്ബിൽ പ്രദർശിപ്പിക്കാറുണ്ടെങ്കിലും യു.എ.ഇ. സഹിഷ്ണുതാ വർഷത്തിൽ ആദ്യംത്തന്നെ ഒരു ഇന്ത്യക്കാരന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ആർട്ട് ഹബ്ബ് മേധാവി അഹമ്മദ് അൽ യാഫെയ് പറഞ്ഞു. യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ ആക്രിലിക്കിലുള്ള വ്യത്യസ്തമായ സൃഷ്ടികളടക്കം നിരവധി ചിത്രങ്ങളാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. വേൾഡ് ട്രേഡ് സെന്റർ മാളിൽ നടക്കുന്ന പ്രദർശനം ഒരാഴ്ച നീണ്ടുനിൽക്കും.

Content Highlights: Abudhabi Tolerance year  malayali Painting exhibition